മിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. രാവിലെ ആറുമണി മണി മുതല്‍ ഒറ്റലോഡ് പാലുപോലും പോയിട്ടില്ല. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം. നാലുവര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് പരാതി. ഉയര്‍ന്നതട്ടിലുള്ളവര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നും സമരക്കാര്‍ ഉന്നയിക്കുന്നു.
വിഷയത്തില്‍ ഇന്നലെ ഹെഡ്ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കിടെ സംയുക്ത സമരസമിതി നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം അമ്പലത്തറയിലും,കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐ എൻ ടി യു സി , സി ഐ ടി യു പ്രവർത്തകർ രാവിലെ ആറുമണി മുതൽ സമരം ആരംഭിച്ചു.
പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടഞ്ഞു.ആറുമണിവരെ പാലുമായി ലോറികൾ പോയതുകൊണ്ട് രാവിലെ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാലക്ഷാമം നേരിട്ട് തുടങ്ങി. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ മൂന്ന് ജില്ലകളിലും പാൽ ക്ഷാമം രൂക്ഷമാകും.