'എന്റെ അച്ഛനും അമ്മയും പെങ്ങളും കുട്ടിയുമൊക്കെ മരിച്ചു, കുടുംബത്തിലെ 9 പേരെയാ എനിക്ക് നഷ്ടമായത്...'
വിവരമറിഞ്ഞ് ബിജോയ് വയനാട്ടിലെത്തിയെങ്കിലും സ്വന്തമായിരുന്ന കുടുംബവും വീടുമെല്ലാം നഷ്ടമായിരുന്നു
മേപ്പാടി: കണ്ണിലുറക്കം കെട്ടിയ നേരത്താണ് കുതിച്ച് മറിഞ്ഞ് മലവെള്ളപ്പാച്ചിൽ മുണ്ടക്കൈ മേഖലയെ മുഴുവൻ പിഴുതെടുത്തത്. എന്താണ് സംഭവിക്കുന്നതെന്നു പോലും ചിലർക്ക് പിടുത്തം കിട്ടിയില്ല. ഭയാനകമായ ശബ്ദം മാത്രം കാതിൽ കേട്ട ചിലർ വീടുകൾക്ക് പുറത്തിറങ്ങി നോക്കി. ശാന്തമായി മാത്രം കണ്ടിട്ടുള്ള സ്വന്തം നാടിനെ വിഴുങ്ങി ആർത്തലച്ചുവരുന്ന ഉരുൾപൊട്ടലിൽ അവർ വിറങ്ങലിച്ചു. ഓടിരക്ഷപ്പെടാൻ പോലും ചിലർക്കായില്ല. ഉറ്റവരെ ചേർത്തു പിടിച്ച് ഉറങ്ങിയവരും നാളേക്കുള്ള സ്വപ്‌നങ്ങൾ നെഞ്ചേറ്റിയവരും ആ വെള്ളപ്പാച്ചിലിൽ പെട്ടു. എവിടെയൊക്കെയോ ഒലിച്ചു പോയി, ആരൊയൊക്കെയോ നഷ്ടമായി.
നഷ്ടങ്ങളുടെ കണക്കുകൾ നിരത്തുമ്പോൾ ഉറ്റവരേയും ഉടയവരേയും നഷ്ടമായവരാണ് അനേകം പേർ. കുടുംബത്തിലെ എല്ലാവരേയും നഷ്ടമായി തനിച്ചായവർ വേറെയും. അച്ഛനും അമ്മയും സേഹാദരിയും സഹോദരിയുടെ കുഞ്ഞുമടക്കം കുടുംബത്തിലെ എല്ലാവരേയും നഷ്ടമായി തനിച്ചായതിന്റെ വേദനയിലാണ് ചൂരൽമല സ്വദേശി ബിജോയ്. അച്ഛന്റെയും സഹോദരിയുടേയും മൃതദേഹം കണ്ടെത്തിയെങ്കിലും സഹോദരിയുടെ കുഞ്ഞിന്റെയും അമ്മയുടേയും മൃതദേഹം കിട്ടിയിട്ടില്ല. ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്നും ബിജോയ് പറയുന്നു. സംഭവസമയം മലപ്പുറത്തായിരുന്ന ബിജോയ് വിവരമറിഞ്ഞ് വയനാട്ടിലെത്തുകയായിരുന്നു. എന്നാൽ ഓടിയെത്തിയപ്പോള്‍ സ്വന്തമായിരുന്ന കുടുംബവും വീടുമെല്ലാം നഷ്ടമായിരുന്നു.