ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; പ്രഖ്യാപനം രണ്ടുദിവസത്തിനകം

എന്‍സിപി കോണ്‍ഗ്രസ് സ്വഭാവമുള്ള പാര്‍ട്ടിയാണെന്നും ലതികാ സുഭാഷ്

Update: 2021-05-23 03:34 GMT
By : Web Desk
Advertising

മഹിളാകോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് എന്‍സിപിയില്‍ ചേരും. എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി ലതികാ സുഭാഷ് പറഞ്ഞു. എന്‍സിപി കോണ്‍ഗ്രസ് സ്വഭാവമുള്ള പാര്‍ട്ടിയാണെന്നും പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ലതികാ സുഭാഷ് മീഡിയ വണിനോട് പറഞ്ഞു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ലതിക സുഭാഷ് ആയിരുന്നു. സീറ്റ് നിഷേധവും തുടര്‍ന്നുള്ള തലമുണ്ഡനവും, കോണ്‍ഗ്രസ്സില്‍ നിന്നുള്ള രാജിയും, സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിത്വവും എല്ലാം കൊണ്ടും അവര്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ് അവര്‍.

എന്‍സിപി കോണ്‍ഗ്രസ്സിന്‍റെ സ്വഭാവ വിശേഷങ്ങളുള്ള ഒരു പാര്‍ട്ടിയാണ്. പി സി ചാക്കോയെ പോലെയുള്ള ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടിയുടെ തലപ്പത്ത് വന്നിട്ടുണ്ടെന്നതും അദ്ദേഹത്തെ തനിക്ക് കുട്ടിക്കാലം മുതലേ അറിയാമെന്നും അവര്‍ പറയുന്നു. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയോട് അസംതൃപ്തി വരാന്‍ കാരണം തന്‍റെ നിലപാടുകളാണ്. പ്രത്യേകിച്ച് സ്ത്രീകളോടുള്ള പാര്‍ട്ടിയുടെ അവഗണനയുടെ കാര്യത്തില്‍. ഇനി അത്തരം അവഗണനകള്‍ സ്ത്രീയെന്ന നിലയില്‍ ഉണ്ടാവില്ലെന്ന വിശ്വാസത്തിലാണ് ഞാന്‍ ഓരോ ചുവടും മുന്നോട്ട് വെക്കുന്നതെന്നും അവര്‍ പറയുന്നു.

കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം നല്ല കാര്യം തന്നെയാണ്. പക്ഷേ വി എം സുധീരന് കെപിസിസി അധ്യക്ഷ പദവി രാജിവെച്ച് ഒഴിഞ്ഞ് പോകേണ്ടി വന്ന സാഹചര്യം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് ഇനിയെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കുന്നു. 

Full View


Tags:    

By - Web Desk

contributor

Similar News