ഹേമ കമ്മീഷൻ റിപ്പോർട്ട്: സർക്കാർ നിയമനിർമാണം വേഗത്തിലാക്കുന്നു
നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നിയമ നിർമാണം വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ നിയമ നിർമാണം വേഗത്തിലാക്കുന്നു. പുതിയ നിയമത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം നാലിന് സർക്കാർ യോഗം വിളിച്ചു. വിജയ് ബാബു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി പരിശോധിക്കേണ്ടതാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
നടി അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും അവരുടെ അഭ്യർഥന പ്രകാരം സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ കമ്മീഷനെ നിയോഗിക്കുകയും ചെയ്തത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നിയമനിർമാണത്തിലേക്ക് സർക്കാർ കടന്നിരുന്നില്ല. നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഹേമ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമ നിർമാണം വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം. നിയമനിർമാണത്തിന്‍റെ ഭാഗമായി എല്ലാ സിനിമാ സംഘടനകളുടെയും യോഗം സർക്കാർ മെയ് നാലിന് വിളിച്ച് ചേർത്തിട്ടുണ്ട്.
സിനിമയിൽ ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വകുപ്പുകൾ പുതിയ നിയമത്തിൽ സർക്കാർ ഉൾപ്പെടുത്തും. ചർച്ചയിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ നിയമ വകുപ്പിന് കൈമാറിയതിന് ശേഷമായിരിക്കും നിയമ നിർമാണം നടത്തുക. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചന.