പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കി; പ്രചാരണത്തില്‍ സകല അടവുകളും പുറത്തെടുത്ത് മുന്നണികള്‍
സിഎഎയും മണിപ്പൂരും സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്ര സർക്കാരിന്‍റെ സമീപനവും സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക ധൂർത്തും മാസപ്പടി വിവാദവും എല്ലാമായിരുന്നു പ്രചാരണത്തില്‍ നിറഞ്ഞുനിന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സകല അടവുകളും പുറത്തെടുത്ത് എല്‍ഡിഎഫും യുഡിഎഫും. ന്യൂനപക്ഷവോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് അവസാനലാപ്പിലും കാണുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പ്രചാരണവിഷയമായി കത്തിക്കയറുന്നുണ്ട്.
തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നതിന് മുന്‍പ് തന്നെ ആദ്യഘട്ട പ്രചാരണ വിഷയങ്ങള്‍ തീരുമാനിക്കപ്പെട്ടിരിന്നു. സിഎഎയും മണിപ്പൂരും സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രസർക്കാരിന്‍റെ സമീപനവും സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക ധൂർത്തും മാസപ്പടി വിവാദവും എല്ലാമായിരിന്നു നിറഞ്ഞുനിന്നത്. സാധാരണ കാണാറുള്ളത് പോലെ അവസാന ലാപ്പില്‍ എത്തിയപ്പോള്‍ വിഷയങ്ങള്‍ മാറിമാറിവരികയാണ്. ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചാണ് അവസാനഘട്ടത്തിലെ പ്രധാന പ്രചാരണവിഷയങ്ങള്‍.
സിഎഎ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ എവിടെയും പറയുന്നില്ല. എന്നാല്‍, സിഎഎ ഉയർത്തുന്ന ഇടത് മുന്നണിയെ പ്രതിരോധിക്കാന്‍ സർക്കാരിന്‍റെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളാണ് പ്രതിപക്ഷം ഉയർത്തുന്നത്. വടകരയിലെ സ്ഥാനാർഥികള്‍ തമ്മിലുള്ള സൈബർ തർക്കങ്ങളും തൃശ്ശൂർ പൂര പ്രതിസന്ധിയും വിവിധ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന അന്വേഷണവും എല്ലാം അവസാനലാപ്പില്‍ കത്തിക്കയറുന്നുണ്ട്.
Summary: With only four days left for polling in the state, LDF and UDF pulled out all the stops in the election campaign