'ലീഗ് മുന്നണി വിടില്ല'; യു.ഡി.എഫുമായി ചർച്ച ചെയ്യാതെ തീരുമാനമെടുക്കില്ലെന്ന് കെ.സുധാകരൻ

നെടുകെ മുറിച്ച് എന്തെങ്കിലും കിട്ടിയാൽ അടിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് സി.പി.എമ്മിന്റേതെന്നും സുധാകരൻ പറഞ്ഞു.

Update: 2023-11-04 15:09 GMT
Advertising

തൃശൂർ: മുസ്‍ലിം ലീഗ് യു.ഡി.എഫ് വിട്ടുപോകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. തുടക്കം മുതൽ മുന്നണിയുടെ നട്ടെല്ലായുള്ള പാർട്ടിയാണ് ലീഗ്. യു.ഡി.എഫുമായി ചർച്ച ചെയ്യാതെ ലീഗ് ഒരു തീരുമാനമെടുക്കുമെന്ന് കരുതിയോ എന്നും സുധാകരൻ ചോദിച്ചു.  

ഓരോ കാര്യത്തിലും ഓരോ പാർട്ടിക്കും ഓരോ കാഴ്ചപ്പാടുണ്ടാകും. ആ കാഴ്ചപ്പാടിനെക്കുറിച്ച് പ്രതികരിക്കും. അതെല്ലാം രാഷ്ട്രീയ തീരുമാനമായി വരാറില്ല. കോൺഗ്രസും ലീഗുമായുള്ള ബന്ധം അനുസ്യൂതം തുടരുമെന്ന് കൂട്ടിച്ചേർത്ത സുധാകരൻ നെടുകെ മുറിച്ച് എന്തെങ്കിലും കിട്ടിയാൽ അടിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് സി.പി.എമ്മിന്റേതെന്നും ആരോപിച്ചു.  

മുതിർന്ന ലീഗ് നേതാക്കള്‍ കോഴിക്കോട് യോഗം ചേർന്നാണ് ഫലസ്തീന്‍ ഐക്യദാർഢ്യ സദസിലേക്കുള്ള സി.പി.എം ക്ഷണം സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. കോണ്‍ഗ്രസിനെ വിളിക്കാതെ ലീഗിനെ മാത്രം ക്ഷണിച്ച പരിപാടില്‍ പങ്കെടുക്കുന്നത് നല്ല സന്ദേശമാകില്ല നൽകുകയെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം, സി.പി.എം പരിപാടിക്ക് മുസ്‍ലിം ലീഗ് ആശംസകൾ നേർന്നു.  

ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കുറച്ചുകൂടി സജീവമാകണമെന്ന അഭിപ്രായം യോഗത്തില്‍ ഏതാനും നേതാക്കള്‍ ഉന്നയിച്ചു. പൗരത്വ പ്രക്ഷോഭ മാതൃകയില്‍ സർവകക്ഷി പ്രതിഷേധമുണ്ടാകണമെന്ന അഭിപ്രായവും ലീഗ് പങ്കുവെക്കുന്നു.

ഫലസ്തീന്‍ വിഷയത്തില്‍ പൊതുവായ പ്രതിഷേധം ഉയരണമെന്ന അഭിപ്രായമാണ് പങ്കുവെച്ചതെന്നും രാഷ്ട്രീയ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വിശദീകരിച്ചു. ലീഗ് - സി.പി.എം സഹകരണമെന്ന വിഷയം ഇടയ്ക്കിടെ ചർച്ച ചെയ്യുന്നത് ലീഗിന്റെ വിശ്വാസ്യത തകർക്കുമെന്ന് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News