'മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുന്നു, മന്ത്രിക്ക് എതിരെ നിയമ നടപടി സ്വീകരിക്കും' പരാതിക്കാരി
കേസ് തീർക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞതിൽ ഭീഷണിയുടെ സ്വരമുണ്ട്. എഫ്.ഐ.ആര്‍ ഇട്ട് 48 മണിക്കൂർ കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരി മീഡിയവണിനോട്
മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് പരാതിക്കാരി. കേസ് തീർക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞതിൽ ഭീഷണിയുടെ സ്വരമുണ്ട്. എഫ്.ഐ.ആര്‍ ഇട്ട് 48 മണിക്കൂർ കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു.
സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രന്റെ ശബ്ദരേഖ മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. അതേസമയം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ മന്ത്രി ശശീന്ദ്രനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്കാർ തമ്മിലുള്ള തർക്കമാണ് മന്ത്രി അന്വേഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേട്ടക്കാർക്കൊപ്പമാണ് മുഖ്യമന്ത്രി നിൽക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.സി വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.