സജി ചെറിയാനെ മന്ത്രിയാക്കണമെന്ന ശിപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് നിയമോപദേശം
മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു ഗവർണർക്ക് ലഭിച്ച നിയമോപദേശം.
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ നിയമോപദേശം. മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു ഗവർണർക്ക് ലഭിച്ച നിയമോപദേശം.
സംസ്ഥാനത്ത് മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് നൽകുന്നത്. ശിപാർശ മറികടന്നാൽ ഭരണഘടനയെ ഗവർണർ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നായിരുന്നു ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന ശിപാർശ ഗവർണർ അംഗീകരിച്ചത്.
നാളെയാണ് സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിക്കുക എന്ന ഭരണഘടനാ ബാധ്യത നിറവേറ്റുകയാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾക്ക് സർക്കാറും മുഖ്യമന്ത്രിയും മാത്രമായിരിക്കും ഉത്തരവാദിയെന്നും ഗവർണർ പറഞ്ഞു. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.