കത്ത് വിവാദം: മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം; കോര്‍പറേഷന്‍ ഓഫീസ് ഉപരോധിച്ച് ബി.ജെ.പി
കോണ്‍ഗ്രസ് ധർണ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന വിവാദത്തിൽ പ്രതിഷേധവുമായി ബി.ജെ.പിയും കോൺഗ്രസും. മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ കോർപറേഷൻ ഉപരോധിച്ചു. നഗരസഭാ കവാടത്തിലാണ് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. കോണ്‍ഗ്രസ് ധർണ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മേയറുടെ ഓഫീസിനു മുന്നിൽ നിരന്നുകിടന്നാണ് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധം നടത്തുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവുമുണ്ട്.
അതേസമയം, കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴി രേഖപ്പെടുത്തും. കത്ത് തന്റേതല്ലെന്ന് കാണിച്ച് മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഡി.ആർ അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ സ്റ്റാഫ് തുടങ്ങിയവരുടെയും മൊഴിയെടുക്കും.
കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ഇന്ന് മേയർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാർശ ചെയ്യാനാണ് സാധ്യത.