ബിൽക്കീസ് ബാനുവിന് ഐക്യദാർഢ്യവുമായി ലിജോ ജോസ് പെല്ലിശ്ശേരി; നിലപാടുള്ള സിനിമാക്കാരനെന്ന് സോഷ്യൽമീഡിയ
ബിൽക്കീസ് ബാനുവിന്റെ ചിത്രം പങ്കുവച്ചാണ് ലിജോ തന്റെ നിലപാട് വ്യക്തമാക്കിയത്.
ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ലിജോ ബിൽക്കീസ് ബാനുവിന് പിന്തുണയും ഐക്യദാർഢ്യവും രേഖപ്പെടുത്തിയത്.
ബിൽക്കീസ് ബാനുവിന്റെ ചിത്രം പങ്കുവച്ചാണ് ലിജോ തന്റെ നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിനടിയിൽ നിരവധി പേരാണ് ലിജോയുടെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'നിലപാടുള്ള സിനിമാക്കാരൻ' എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 'ഇ.ഡിയെ പേടിയില്ല, ബഹുമതികൾ ആഗ്രഹിക്കുന്നില്ല, ഇറങ്ങാനുള്ള സിനിമയുടെ കാര്യത്തിൽ ഒരു ആകുലതയും ഇല്ലാ എങ്കിൽ മാത്രമേ ഇങ്ങിനെ ഒരു നിലപാട് എടുക്കാൻ കഴിയൂ' എന്ന് ഒരാൾ കമന്റ് ചെയ്തു.
'ഇതാണ് നിലപാട്', 'നിലപാട് കാണിച്ചു തന്നതിന് ഇടനെഞ്ചിൽ നിന്നും അഭിവാദ്യങ്ങൾ', 'നിലപാടുള്ള, നട്ടലുള്ള സിനിമാക്കാരൻ, നിലപാട്- ബിഗ് സല്യൂട്ട്', 'ഭരണകൂടാതെ തലോടി താലോലിച്ചു അതിന്റെ ഭിക്ഷ ഭക്ഷിച്ചു ജീവിക്കുന്ന ഷിറ്റ് ഗോപികളുടെ നാട്ടിൽ പ്രതിരോധശേഷി നഷ്ടപ്പെടാത്ത ഒരുത്തൻ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം', 'നന്ദി ലിജോ, മലയാള സിനിമയിൽ നട്ടെല്ലുള്ളവർ ഉണ്ടെന്ന് കാണിച്ചു തന്നതിന്', 'ചങ്കൂറ്റം പ്രോ മാക്സ്', 'എന്തൊരു മനുഷ്യനാണ് നിങ്ങൾ'- ഇങ്ങനെ പോകുന്നു കമന്റുകൾ.
'ആണൊരുത്തന്‍- ഇഡിയെ പേടിയില്ലാത്ത, അവാര്‍ഡിനും പുരസ്കാരങ്ങള്‍ക്കും പുല്ലുവില കല്‍പിക്കുന്നവന്‍, മലയാളത്തിന്‍റെ നട്ടെല്ല് പണയം വച്ച മഹാനടന്‍മാര്‍ കണ്ട് പഠിക്കട്ടേ' എന്നാണ് മറ്റൊരാളുടെ കമന്റ്. 'ലിജോ ചേട്ടാ നിലപാടിന് ഒരുമ്മ' എന്നും കമന്റുണ്ട്. നിരവധി പേരാണ് ലവ് റിയാക്ഷനുകൾ കമന്റായി ഇടുന്നത്. ആദ്യമായാണ് സിനിമാ മേഖലയിൽ നിന്നൊരാൾ ബിൽക്കീസ് ബാനുവിന് പിന്തുണയുമായി രംഗത്തെത്തുന്നത്.
പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അർഹതയില്ലെന്ന് വ്യക്തമാക്കിയായിരുന്നു തിങ്കളാഴ്ച സുപ്രിംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധി. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണെന്നും ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.
പ്രതികൾ കുറ്റകൃത്യം നടത്തിയ രീതി ഭീകരവും ഭയപ്പെടുത്തുന്നതുമാണെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരുടെ ബെഞ്ച് വിചാരണവേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണമെന്താണെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ആവശ്യപ്പെട്ടിരുന്നു.
2002 ഗുജറാത്ത് കലാപത്തിനിടെയാണ് പ്രതികൾ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും യുവതിയുടെ പിഞ്ചുകുഞ്ഞടക്കം ഉറ്റവരായ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികദിനത്തിലാണ് നിന്ദ്യമായ ക്രൂരകൃത്യം ചെയ്ത 11 പ്രതികളെ നല്ലനടപ്പ് ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. കേസിലെ 11 കുറ്റവാളികളെയും ശിക്ഷ ഇളവ് നൽകി ജയിൽ മോചിതരാക്കിയതിനെതിരെ നൽകിയ ഹരജിയിൽ ബിൽക്കീസ് ബാനുവിന് വേണ്ടി അഡ്വ. ശോഭ ഗുപ്തയാണ് കോടതിയിൽ ഹാജരായത്.
കേസിലെ 11 കുറ്റവാളികളെയും മോചിപ്പിച്ചത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലാണ് ഇന്നലെ സുപ്രിംകോടതി അന്തിമ വാദം കേട്ടതും തുടർന്ന് വിധി പറഞ്ഞതും. ബിൽക്കീസ് ബാനുവിനെ കൂടാതെ, സി.പി.എം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവർത്തക രേവതി ലാൽ, ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര തുടങ്ങിയവരും ശിക്ഷാ ഇളവിനെതിരെ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നു.