2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ലഭിക്കും-പ്രകാശ് ജാവദേക്കർ
ബി.ജെ.പി ചാലക്കുടി ലോക്‌സഭാ മണ്ഡലം നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവദേക്കർ
കൊച്ചി: 2024ലെ ലോക്‌സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽനിന്ന് കുറഞ്ഞത് അഞ്ച് സീറ്റ് ലഭിക്കുമെന്ന് മുതിർന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. ബി.ജെ.പി കേരളത്തിന്റെ രാഷ്ട്രീയം മാറ്റിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ചാലക്കുടി ലോക്‌സഭാ മണ്ഡലം നേതൃയോഗം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രഭാരിയാണ് പ്രകാശ് ജാവദേക്കർ. 2019ൽ കേരളത്തിന് ഒരു പ്രധാനമന്ത്രിയെ ലഭിക്കുമെന്നു കരുതി മലയാളികൾ 19 സീറ്റിൽ കോൺഗ്രസ്സിനെ ജയിപ്പിച്ചു. എന്നാൽ, 2024ലെ തെരഞ്ഞടുപ്പിൽ അങ്ങനെയൊരു പ്രതീക്ഷ കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
'2019ൽ രാഹുൽ ഗാന്ധി വയനാട്ടുനിന്ന് മത്സരിച്ചു. അന്ന് കോൺഗ്രസ് കേരളത്തിലെ ആകെ 20 സീറ്റിൽ 19ഉം സ്വന്തമാക്കി. എന്നാൽ, തൊട്ടുടനെ 2021ൽ നടന്ന ആകെ 21 സീറ്റാണ് അവർക്ക് ലഭിച്ചത്. ഇതാണ് വോട്ടർമാരുണ്ടാക്കുന്ന വ്യത്യാസം. 2014ൽ നമുക്ക് 282 സീറ്റാണ് നമുക്ക് ലഭിച്ചത്. 2019ൽ ജനങ്ങളുടെ അംഗീകാരം വളരുകയും 303 സീറ്റ് ലഭിക്കുകയും ചെയ്തു. 2024ൽ ബി.ജെ.പിക്ക് 350 സീറ്റ് ലഭിക്കുമെന്ന് ഞാൻ പ്രവചിക്കുന്നു. ഇത്തവണ നമ്മൾ കേരളത്തിൽ ചുരുങ്ങിയത് അഞ്ച് ലോക്‌സഭാ സീറ്റിൽ ജയിക്കും.'-പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
ചാലക്കുടി ലോക്‌സഭാ മണ്ഡലം ബി.ജെ.പി ഇലക്ഷൻ ഇൻചാർജും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ രാധാകൃഷ്ണൻ, ലോക്‌സഭ മണ്ഡലം ഇലക്ഷൻ കൺവീനർ വി.കെ ഭസിത് കുമാർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ്ജ് കുര്യൻ, സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, ഡോ. രേണു സുരേഷ്, മേഖല ജനറൽ സെക്രട്ടറി വി.എൻ വിജയൻ, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ് ഷൈജു, ദേശീയ കൗൺസിൽ അംഗം പി.എം വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി എം.എ ബ്രഹ്മരാജ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Summary: Senior BJP leader Prakash Javadekar Says BJP will get at least five seats from Kerala in 2024 Lok Sabha Elections