മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; മാറിത്താമസിക്കാൻ നാട്ടുകാർക്ക് നിർദേശം
ഒരു കിലോമീറ്റർ ചുറ്റളവിൽ രണ്ട് തവണ ശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്
Update: 2024-10-30 02:51 GMT
മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. ആനക്കല്ല് എസ്.ടി കോളനി ഭാഗത്താണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ രണ്ട് തവണ ശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
ഉഗ്ര സ്‌ഫോടനത്തിന്റെ ശബ്ദമാണ് രണ്ട് തവണയും കേട്ടത്. ഭൂമികുലുക്കമല്ല എന്നാണ് അധികൃതർ നൽകുന്ന വിവരം. പ്രകമ്പനമുണ്ടാക്കുന്ന ശബ്ദമായത് കൊണ്ടു തന്നെ പ്രദേശത്തെ ചില വീടുകൾക്ക് ചെറിയ രീതിയിൽ വിള്ളലുണ്ടായിട്ടുണ്ട്.
സ്‌ഫോടനശബ്ദം തുടർന്നതോടെ പ്രദേശത്ത് നിന്ന് ആളുകളെ നെട്ടിക്കുളം യുപി സ്‌കൂളിലേക്ക് മാറ്റി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. കുഴൽക്കിണറുകൾ ധാരാളമുള്ള പ്രദേശമായതിനാൽ ഇത് മൂലമാകാം ശബ്ദമെന്ന് അധികൃതർ പറയുന്നു. നേരത്തേയും പ്രദേശത്ത് സമാനരീതിയിൽ ശബ്ദമുണ്ടായിട്ടുണ്ട്.