എല്ലാവർക്കും അറിയാവുന്ന ഒരു നുണയെ സത്യമെന്ന നിലയില്‍ അവതരിപ്പിച്ചിരിക്കുന്നു; ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയെ വിമര്‍ശിച്ച് എം.സ്വരാജ്

നാടെങ്ങും അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു. നേതാക്കന്മാർ പ്രസ്താവനകൾ മത്സരിച്ചിറക്കി

Update: 2023-10-04 07:34 GMT
Editor : Jaisy Thomas | By : Web Desk

എം.സ്വരാജ്

Advertising

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയെ വിമര്‍ശിച്ച് സി.പി.എം നേതാവ് എം. സ്വരാജ്. മാധ്യമപ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാം എഴുതിയ 'കാലം സാക്ഷി' എന്ന ആത്മകഥയില്‍ എല്ലാവർക്കും അറിയാവുന്ന ഒരു നുണ സത്യമെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലെന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ടി.കെ മുരളി എന്ന വിദ്യാർഥി ഹാർട്ട് അറ്റാക്ക് വന്നു മരിച്ചതിനെ സമരവും ലാത്തിച്ചാർജുമായി ബന്ധിപ്പിച്ച് നുണക്കഥയുണ്ടാക്കി അവതരിപ്പിക്കുന്നത് പൊറുക്കാവുന്നതല്ലെന്നും സ്വരാജ് പറയുന്നു. 

സ്വരാജിന്‍റെ കുറിപ്പ്

ആത്മകഥ

അസത്യ പ്രസ്താവനയാകുമ്പോൾ...

* * * * * * * * * * * * * * * * * * * *

"Autobiography is probably the most respectable form of lying."

--Humphrey Carpenter

ആത്മകഥകളെ നുണയുടെ ആദരണീയ രൂപമെന്ന് വിശേഷിപ്പിച്ച ഹംഫ്രി വില്യംസ് കാർപെന്‍റര്‍ വിഖ്യാതനായ ജീവചരിത്രകാരനായിരുന്നു എന്നത് കൗതുകകരമാണ്. മരണമൊഴി പോലെ സംശയരഹിതമായ സത്യപ്രസ്താവനയായി മാറേണ്ട ആത്മകഥകൾ പക്ഷേ ചിലപ്പോഴെങ്കിലും സത്യത്തോട് പുറം തിരിഞ്ഞു നിൽക്കാറുണ്ടെന്നത് ഇന്നൊരു രഹസ്യമല്ല. എന്തുകൊണ്ടാണ് ജീവിത സായാഹ്നത്തിലെ ആത്മകഥാ രചനയിൽ പോലും ചില മനുഷ്യർക്ക് സത്യസന്ധരാവാൻ കഴിയാതെ പോകുന്നതെന്ന് മന:ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്താവുന്ന വിഷയമാണ്. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഈയടുത്താണ് പുറത്തിറങ്ങിയത്. മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. സണ്ണിക്കുട്ടി എബ്രഹാമാണ് അത് എഴുതി പുസ്തക രൂപത്തിലാക്കിയത്. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയെ വിലയിരുത്താനോ മാർക്കിടാനോ ഇവിടെ ശ്രമിക്കുന്നില്ല.

മറിച്ച് ഒരു മുൻ മുഖ്യമന്ത്രിയുടെ ആത്മകഥയിൽ  ഇന്ന് എല്ലാവർക്കും അറിയാവുന്ന ഒരു നുണ സത്യമെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല . അത് വിമർശന വിധേയമാവേണ്ടതുമുണ്ട്. മുൻമുഖ്യമന്ത്രിയുടെ ആത്മകഥയായ 'കാലം സാക്ഷി ' യുടെ മൂന്നാം അധ്യായമായ 'തേവരയുടെ നിലവിളി' യിലാണ് കേരളത്തിലെ കെ എസ് യുവിന്റെയും ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെയും അടിത്തറയായി മാറിയ ഒരു പെരും നുണ വീണ്ടും വസ്തുത എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നത്. 1967 ൽ തേവരയിലെ മുരളി എന്ന വിദ്യാർത്ഥി ഹൃദയസ്തംഭനം മൂലം മരിക്കുകയുണ്ടായി. അത് പോലീസ് മർദ്ദനം മൂലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തിയ പ്രചരണ പരിപാടികളിലൂടെ കേരളത്തിലുണ്ടാക്കിയ കോലാഹലങ്ങളാണ് ഉമ്മൻ ചാണ്ടി എന്ന നേതാവിനെ സൃഷ്ടിച്ചതിൽ നിർണായകമായത്.

ആത്മകഥയിൽ ഉമ്മൻ ചാണ്ടി പറയുന്നത് ഇങ്ങനെയാണ്. " ...വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. കുട്ടികൾ ചിതറിയോടി. പലരും ഓടയിൽ വീണു. അതിലൊരാളായിരുന്നു ടി.കെ മുരളി. ഓടയിൽ വീണു കിടക്കുകയായിരുന്നിട്ടും മുരളിയോട് പോലീസ് കരുണ കാട്ടിയില്ല. ലാത്തികൊണ്ട് പൊതിരെ തല്ലി. മുരളിയുടെ നിലവിളികൾ മറുപടി കിട്ടാതെ അന്തരീക്ഷത്തിൽ ലയിച്ചു.''

- (കാലം സാക്ഷി , അദ്ധ്യയം - 3, പേജ് - 25 ) .

തുടർന്ന് ആരോടും ഒന്നും പറയാതെ വീട്ടിലെത്തിയ മുരളി വൈകുന്നേരത്തോടെ കുഴഞ്ഞുവീണു മരിച്ചു എന്നും ആത്മകഥയിൽ വിശദീകരിക്കുന്നു. 1967 ലെ കെ എസ് യു വിന്‍റെ സമരത്തെ മഹത്വവൽക്കരിക്കുകയും പൊലീസ് ഭീകരവേട്ട നടത്തിയെന്ന് ആരോപിക്കുകയും ചെയ്യുന്നത് വസ്തുതാപരമല്ലെങ്കിലും പൊറുക്കാവുന്നതേയുള്ളൂ. എന്നാൽ അതിനുമപ്പുറം ഒരു സമരത്തിലും പങ്കെടുത്തിട്ടില്ലാത്ത, സംഘടനാ പ്രവർത്തനവുമായി പുലബന്ധമില്ലാത്ത ടി.കെ മുരളി എന്ന വിദ്യാർത്ഥി ഹാർട്ട് അറ്റാക്ക് വന്നു മരിച്ചതിനെ സമരവും ലാത്തിച്ചാർജുമായി ബന്ധിപ്പിച്ച് ഇങ്ങനെയൊരു നുണക്കഥയുണ്ടാക്കി അവതരിപ്പിക്കുന്നത് പൊറുക്കാവുന്നതല്ല. നീണ്ടകാലം കേരളത്തെ ഉമ്മൻ ചാണ്ടിയും കോൺഗ്രസും പറഞ്ഞു പറ്റിച്ച മുരളിക്കഥ എത്രയോ മുമ്പു തന്നെ പൊളിഞ്ഞു കഴിഞ്ഞതാണ്. അന്നത്തെ കെ എസ് യു സമരം 'മാതൃഭൂമി' ദിനപ്പത്രത്തിനു വേണ്ടി റിപ്പോർട്ടു ചെയ്തത് കോൺഗ്രസിന് എക്കാലത്തും പ്രിയങ്കരനായിരുന്ന ശ്രീ. എൻ എൻ സത്യവ്രതനായിരുന്നു.

അന്നത്തെ സമരത്തെക്കുറിച്ചും സമരത്തിന്റെ ഏഴയലത്തു പോലും പോയിട്ടില്ലാത്ത പാവം ടി കെ മുരളി ഈ കഥയിൽ എങ്ങനെ വന്നുവെന്നതിനെക്കുറിച്ചും എൻ എൻ സത്യവ്രതൻ തന്റെ മാധ്യമ പ്രവർത്തനാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന 'വാർത്ത വന്ന വഴി' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്ന വിദ്യാർത്ഥി സമരത്തെക്കുറിച്ചും , പോലീസിന്റെ 'നരനായാട്ടി'നെക്കുറിച്ചും സമരത്തിന്റെ ദൃക്സാക്ഷിയായ എൻ എൻ സത്യവ്രതൻ തന്റെ പുസ്തകത്തിൽ പറയുന്നത് എന്താണെന്ന് ആദ്യം നോക്കാം.

" .... അവർ പെട്ടന്ന് ഒരു നാൾ പഠിപ്പുമുടക്കി. പഠിപ്പുമുടക്കിയവരിൽ പാവങ്ങൾ വീട്ടിലേക്ക് മടങ്ങി. കരുത്തൻമാർ തകർത്തുവാരി തേവര കവലയിൽ എത്തി. നാലാൾ കാൺകെ എന്തും നടത്തുക അന്ന് കവലയിലാണ്. ഗതാഗതം തടഞ്ഞ് നടുറോഡിൽ സമരം അരങ്ങേറി. നാൽക്കവലയുടെ നടുക്ക് ഗതാഗതം നിയന്ത്രിക്കാൻ ഒരു പോലീസുകാരൻ മാത്രം . പോലീസിനെതിരെയാണല്ലോ സമരം. അതുകൊണ്ട് സമരക്കാർ, സാധു കാക്കിധാരിയെ പിടികൂടി. തൊപ്പി ഊരി അവർ പന്തുതട്ടാൻ തുടങ്ങി. തൊട്ടടുത്ത് തന്നെയാണ് പോലീസ് സ്റ്റേഷൻ . സംഭവം കണ്ട് ഞെട്ടിയ പോലീസുകാർ ലാത്തിയുമായി ഓടി അടുത്തു. അവർ അടി തുടങ്ങി. സമരനായകൻമാർ തൊട്ടടുത്ത് ഹോട്ടലിന് പിന്നിൽ അടുക്കി വെച്ചിരുന്ന വിറകുമുട്ടികൾ കൈക്കലാക്കി. ലാത്തിക്ക് ബദൽ വിറകുമുട്ടി. ഇരുകൂട്ടരും പരസ്പരം അടിയോട് അടി. പൊരിഞ്ഞ അടി. ജനം അന്തം വിട്ടു. കടകളിൽ നിരപ്പലകകൾ വീണു ."

- ( വാർത്ത വന്ന വഴി . പേജ് 29, 30 )

ഇതായിരുന്നു സമരത്തിന്റെ യഥാർത്ഥ ചിത്രം. ഇതിനെ ഉമ്മൻ ചാണ്ടി എങ്ങനെയാണ് അവതരിപ്പിച്ചതെന്ന് ആത്മകഥയിൽ കണ്ടല്ലോ. ആദ്യം തന്നെ പോലീസിനെ അക്രമിച്ച് പ്രശ്നമുണ്ടാക്കാൻ കെ എസ് യു ആസൂത്രണം ചെയ്തിരുന്നു എന്നതിനും വ്യക്തമായ തെളിവ് എൻ എൻ സത്യവ്രതന്റെ പുസ്തകത്തിലുണ്ട്. അതിങ്ങനെ : " ..ഞാൻ കവലയിൽ ഒഴിഞ്ഞ ഭാഗത്ത് നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. സമരം അരങ്ങേറുന്നതിന് മുമ്പേ ' എന്തോ ചിലത് നടക്കും ' എന്ന് ഒരു വിദ്യാർത്ഥി നേതാവ് ഫോണിൽ പറഞ്ഞിരുന്നു. അതുകൊണ്ട് സംഭവ സ്ഥലത്ത് മുൻകൂട്ടി എത്താൻ എനിക്കായി . ...." - (വാർത്ത വന്ന വഴി, പേജ് : 30)

അപ്പോഴങ്ങനെയാണ് കാര്യങ്ങൾ ..! എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത ശേഷം പത്രമാഫീസിൽ വിളിച്ച് പറഞ്ഞിട്ടാണ് നേതാക്കന്മാർ എത്തിയത്. ആ സൂത്രശാലിയായ നേതാവിന്റെ പേര് പക്ഷേ അവരുമായെല്ലാം ആത്മബന്ധമുള്ള എൻ എൻ സത്യവ്രതൻ വെളിപ്പെടുത്തുന്നില്ല ... ഇനി നമുക്ക് പ്രശ്നത്തിന്റെ മർമത്തിലേക്ക് വരാം. എങ്ങനെയാണ് തേവരയിലെ ടി കെ മുരളി എന്ന പാവം വിദ്യാർത്ഥി ഈ കഥയിലേക്ക് വരുന്നത് ? അതൊരു കഥയാണ്. ഏത് സിനിമാക്കഥയെയും വെല്ലുന്ന ഒരു കള്ളക്കഥ. ഒരു അബദ്ധത്തിൽ നിന്നും പിറന്നുവീണ ഒരു പെരും നുണ. ഓരോന്നായി പരിശോധിക്കാം. ആദ്യം ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ടി കെ മുരളി എന്ന വിദ്യാർത്ഥിയെക്കുറിച്ചറിയാം. സത്യവ്രതന്റെ വാക്കുകൾ ഇങ്ങനെ ..." കാറ്റാടി പോലെ അശു ആയ കുട്ടിയായിരുന്നു മുരളി . രാഷ്ട്രീയം തൊട്ടു തെറിച്ചിട്ടില്ല. സമരത്തിന്റെ അരികിൽ കൂടി പോയിട്ടുമില്ല. പഠിപ്പുമുടക്കമുണ്ടായപ്പോൾ , കുട്ടി നേരെ വീട്ടിലെത്തി. വൈകിട്ട് അസ്വാസ്ഥ്യമുണ്ടായി . പെട്ടന്ന് മരിച്ചു ."

- (വാർത്ത വന്ന വഴി, പേജ് : 31 )ഇങ്ങനെയൊരു ശുദ്ധരിൽ ശുദ്ധനായ പാവം മുരളി എങ്ങനെയാണ് കെ എസ് യുവിന്റെ പോരാളിയും രക്തസാക്ഷിയുമായി മാറിയത് എന്നല്ലേ . അതിന് സഹായമായത് ഒരു അബദ്ധമാണ്. അത് യാതൊരു മനസാക്ഷിയും സത്യസന്ധതയുമില്ലാതെ കോൺഗ്രസ് മുതലാക്കി.

സമരവാർത്ത പിറ്റേ ദിവസം 'മാതൃഭൂമിയിൽ' വിശദമായിത്തന്നെ വന്നു. സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാൾ കൊച്ചിയിലെ ഗുജറാത്തി സമൂഹത്തിൽ പെട്ട മുൾജി എന്ന വിദ്യാർത്ഥിയായിരുന്നു. പോലീസുമായി ഏറ്റുമുട്ടുന്നതിനിടയിൽ ഓടിയ ഇയാൾ കാനയിൽ വീണു. മർദ്ദനമേൽക്കുകയും ചെയ്തു. ഇക്കാര്യമെല്ലാം ദൃക്സാക്ഷിയായ എൻ എൻ സത്യവ്രതൻ ഭംഗിയായി റിപ്പോർട്ട് ചെയ്തു. അക്കാര്യം അദ്ദേഹം തന്നെ വിശദീകരിക്കുന്നത് നോക്കുക:

"..... മാതൃഭൂമിയുടെ ഒന്നാം പുറത്ത് പിറ്റേന്ന് റിപ്പോർട്ട് വന്നു. അടിയും , അടിക്കടിയും , തൊപ്പി കൊണ്ടുള്ള പന്താട്ടവും ഭംഗിയായി വിവരിക്കുന്ന റിപ്പോർട്ട്. അടികൊണ്ട് നിലത്തു വീണ നാലുപേരുടെ കാര്യം റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരുന്നു. കൊച്ചിയിൽ നിന്നു വരുന്ന ഗുജറാത്തി വിദ്യാർത്ഥി കാനയിലാണ് വീണത്. മുൾജി എന്നാണ് പേര്. ആ നേതാവിനും കിട്ടി നല്ല അടി"

ഇതിലെവിടെയും ടി കെ മുരളി എന്ന വിദ്യാർത്ഥിയില്ല. പിന്നെവിടെ വെച്ചാണ് മുരളിയുടെ രംഗപ്രവേശം? അവിടെയാണ് അബദ്ധം പിറവി നൽകിയ പെരും നുണയുടെ കഥ പുറത്തു വരുന്നത്. എൻ എൻ സത്യവ്രതൻ തയാറാക്കിയ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രൂഫ് നോക്കിയ വിദ്വാൻ മുമ്പ് കേട്ടിട്ടില്ലാത്ത മുൾജി എന്ന പേര് അക്ഷരത്തെറ്റാണെന്നു കരുതി. മുരളി എന്ന് തിരുത്തിയെഴുതി. ഇവിടം മുതലാണ് കഥമാറുന്നത്.

പിറ്റെ ദിവസം പത്രമിറങ്ങിയപ്പോൾ കെ എസ് യുവിന്റെ അക്രമവും റിപ്പോർട്ടു ചെയ്തതിനാൽ പല കെ എസ് യു നേതാക്കന്മാരും സത്യവ്രതനോട് പരാതിയും പരിഭവവും പറഞ്ഞുവത്രെ. എന്നാൽ തേവര കോളേജ് വിദ്യാർത്ഥി ടി കെ മുരളി വീട്ടിൽ കുഴഞ്ഞു വീണു മരിക്കുകയും മാതൃഭൂമിയുടെ ഒന്നാം പേജിൽ പോലീസ് മർദ്ദനമേറ്റ " മുരളി " യുടെ വാർത്ത വരികയും ചെയ്തതോടെ മാതൃഭൂമി വാർത്തയിലെ മുരളി യാണ് മരിച്ച മുരളി എന്ന പച്ചക്കള്ളം അതിവേഗം പ്രചരിപ്പിക്കാനാരംഭിച്ചു.

നാടെങ്ങും അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു. നേതാക്കന്മാർ പ്രസ്താവനകൾ മത്സരിച്ചിറക്കി. തേവര മുരളിക്കുവേണ്ടി സംസ്ഥാനമാകെ കെ എസ് യു തെരുവിലിറങ്ങി. മുരളിയുടെ അച്ഛനോട് മുരളിക്ക് പോലീസ് മർദ്ദനമേറ്റിരുന്നെന്ന് മാതൃഭൂമി പത്രം കാണിച്ച് നേതാക്കൾ വിശ്വസിപ്പിച്ചു. മകൻ അക്കാര്യം പറഞ്ഞേയില്ലെന്ന് ആ അഛൻ സങ്കടപ്പെട്ടു .. ! ഇതാണ് തേവര മുരളിയെന്ന പോലീസ് ഭീകരതയുടെ ഇരയായി നാടെങ്ങും അവതരിപ്പിക്കപ്പെട്ട കോൺഗ്രസ് കഥയുടെ ചരിത്രം . ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയതും ഈ സംഭവം തന്നെ.

എൻ എൻ സത്യവ്രതൻ ഇക്കാര്യം വിശദീകരിക്കുന്നതെങ്ങനെ എന്നു നോക്കാം. " ..... ഞാൻ ഞെട്ടി. പത്രം എടുത്തു കൃത്യമായി വായിച്ചു. കണ്ണു തള്ളി. പത്രത്തിൽ വന്ന പേര് മുൾജി എന്നല്ല. ശരിക്കും മുരളി എന്നു തന്നെ. അച്ചടിപ്പിശാച് . വിദ്യാർത്ഥി നേതാക്കൾക്ക് ഒരു രക്തസാക്ഷിയെ കിട്ടിയിരിക്കുന്നു. വെറും ഒരു മണിക്കൂർ കൊണ്ട് അവർക്കെന്നോടുണ്ടായിരുന്ന പരിഭവമത്രയും തീർന്നിരിക്കുന്നു. സംഭവത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചിൽ എന്നെ ആകുലപ്പെടുത്തി. പ്രസിൽ നിന്നും മാറ്റർ എടുത്ത് പരിശോധിപ്പിച്ചു. കാര്യം പിടികിട്ടി. മുൾജി എന്ന പേര് കേട്ടു കേൾവി ഇല്ലാത്ത പ്രൂഫ് വായനക്കാരനാണ് മുൾജിയെ മുരളിയാക്കിയത്. "

- ( വാർത്ത വന്ന വഴി, പേജ് : 31)

പക്ഷേ അന്നു തന്നെ ഇക്കാര്യങ്ങളൊക്കെ തുറന്നെഴുതാൻ എൻ എൻ സത്യവ്രതനും തയ്യാറായില്ല. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളോടുള്ള വ്യക്തിബന്ധം കാരണം ഒരു നുണ അഗ്നി കണക്കെ പടർന്നു പിടിയ്ക്കുന്നതിന് സത്യവ്രതനും മൂക സാക്ഷിയായി എന്നു സാരം. എന്നാൽ പിൽക്കാലത്ത് ഈ കഥ താൻ തുറന്നു പറയുമെന്ന് ഉമ്മൻ ചാണ്ടിയോട് നേരിട്ടു പറഞ്ഞപ്പോൾ " വേണ്ട സത്യാ , ഇപ്പോൾ ഏതായാലും വേണ്ട" എന്നു ഉമ്മൻ ചാണ്ടി വിലക്കിയെന്നും, ഉമ്മൻ ചാണ്ടി പറഞ്ഞതല്ലേ എന്നാേർത്ത് താനതിന് വഴങ്ങിയെന്നും പ്രസ്തുത പുസ്തകത്തിൽ സത്യവ്രതൻ തുറന്നു പറയുന്നുണ്ട്.

പത്തിരുപത് കൊല്ലം മുമ്പ് മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെയും ഉമ്മൻ ചാണ്ടി ഈ കള്ളക്കഥ ആവർത്തിക്കുകയുണ്ടായി. വർഷങ്ങൾക്കു മുമ്പ് വീക്ഷണം പത്രം പുന:പ്രസീദ്ധീകരിച്ച സന്ദർഭത്തിൽ ആ വേദിയിൽ വെച്ച്  എൻ.എൻ സത്യവ്രതനെ മാധ്യമപ്രവർത്തനത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത്  കെ പി സി സി പൊന്നാട അണിയിക്കുകയുണ്ടായി. കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഈ നുണ ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥനയനുസരിച്ച് ഏറെക്കാലം സത്യവ്രതൻ മൂടിവെച്ചെങ്കിലും ജീവിത സായാഹ്നത്തിൽ എല്ലാം തുറന്നു പറയാൻ അദ്ദേഹം തയ്യാറായി. സത്യം അദ്ദേഹത്തിന്റെ മനസിലിരുന്ന് വിങ്ങിയിട്ടുണ്ടാവണം . വയലാർ രവിയായിരുന്നുവത്രെ സത്യവ്രതന്‍റെ പുസ്തകം പ്രകാശനം ചെയ്തത്. എന്നാൽ തന്‍റെ അവസാന കാലത്ത് അങ്ങനെ സത്യസന്ധത കാണിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല. ഇക്കാര്യം ചോദിക്കാൻ ഉമ്മൻ ചാണ്ടി ഇന്ന് നമ്മോടൊപ്പമില്ല. ഉള്ളത് ശ്രീ സണ്ണിക്കുട്ടി എബ്രഹാമാണ്. ഇതിനോടകം എല്ലാവർക്കും അറിയാവുന്നതും

'വാർത്ത വന്ന വഴി' യിലൂടെ വർഷങ്ങൾക്കു മുന്നേ ചർച്ചയായതുമായ ഒരു സത്യത്തെ വീണ്ടും നുണകാെണ്ട് ഒളിപ്പിക്കാനുള്ള ശ്രമം തിരുത്താൻ ശ്രീ. സണ്ണിക്കുട്ടി എബ്രഹാമിന് കഴിയേണ്ടതായിരുന്നു. അവസാന നിമിഷവും സത്യം പറയാൻ മടിച്ചിരുന്നു എന്നത് ആർക്കായാലും ഭൂഷണമായ കാര്യമല്ലല്ലോ. 'കാലം സാക്ഷി' ആത്മകഥയിൽ അർദ്ധസത്യവും അസത്യവുമൊക്കെ വേറെയുമുണ്ട്. കുപ്രസിദ്ധമായ സോളാർ വിവാദത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ പരാതിക്കാരിലൊരാളായ മല്ലേലിൽ ശ്രീധരൻ നായരെ ഉമ്മൻ ചാണ്ടി വിശേഷിപ്പിക്കുന്നത് നോക്കുക. " പത്തനംതിട്ടയിലെ ഒരു ക്വാറി വ്യവസായിയായിരുന്ന മല്ലേലിൽ ശ്രീധരൻ നായർ പ്രതികളുടെ കമ്പനിയിൽ വൻ തുക നിക്ഷേപിച്ചിരുന്നു ."

..... "ഈ ശ്രീധരൻ നായർ പിന്നീട് സോളാർ കേസിലെ ഒരു പ്രധാന കഥാപാത്രമായി ." - (കാലം സാക്ഷി, പേജ്: 350 ) ഇപ്പറഞ്ഞതൊക്കെ സത്യമാണ്. എന്നാൽ കുറച്ചുകൂടി വലിയ സത്യം മറഞ്ഞിരിക്കുന്നുമുണ്ട്. ആത്മകഥയിലെ മേൽ പരാമർശം വായിച്ചാൽ എന്താണു തോന്നുക? ഉമ്മൻ ചാണ്ടിക്ക് യാതൊരറിവും ഇല്ലാത്ത ഏതോ ഒരു ശ്രീധരൻ നായർ എന്നല്ലേ ? സത്യമതാണോ?

ശ്രീധരൻ നായർ തനിക്ക് അടുപ്പമുള്ള ആളായിരുന്നുവെന്നും, കോൺഗ്രസിന്റെ പത്തനംതിട്ടയിലെ പ്രാദേശിക നേതാവായിരുന്നെന്നും, പത്തനംതിട്ട കാർഷിക വികസന ബാങ്കിലെ കോൺഗ്രസ് ഡയറക്ടറായിരുന്നുവെന്നുമുള്ള സത്യം ആത്മകഥയിൽ പോലും മറച്ചു വെയ്ക്കുന്നത് എന്തിനാണ് ? തനിക്കറിയാത്ത ഏതോ വ്യവസായിയായ ഒരു ശ്രീധരൻ നായർ എന്ന പ്രതീതി പരത്താൻ ശ്രമിക്കുന്നത് എന്തിനു വേണ്ടിയാണ് ? അർദ്ധ സത്യം അസത്യത്തിന്‍റെ വകഭേദം തന്നെയാണെന്ന് ലോകം എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു .

സമാന രീതിയിലുള്ള മറ്റു പരാമർശങ്ങളിലേക്ക് ഇപ്പോൾ കടന്നു പോകുന്നില്ല. സത്യങ്ങൾ തുറന്നു പറഞ്ഞാൽ (തേവര സംഭവത്തിൽ ഉൾപ്പെടെ ) അക്കാരണം കൊണ്ട് ഇനി പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും എല്ലാ കാലത്തും സത്യം കാണാമറയത്ത് തുടരില്ലെന്നും ശ്രീ. സണ്ണിക്കുട്ടി എബ്രഹാമിന് ഉമ്മൻ ചാണ്ടിയോടു പറയാമായിരുന്നില്ലേ എന്ന ചോദ്യം 'കാലം സാക്ഷി'യെന്ന ആത്മകഥ വായിച്ചു തീരുമ്പോൾ അവശേഷിക്കുന്നു.

- എം സ്വരാജ് .

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News