ഫാൻ സംസ്‌കാരത്തോട് യോജിപ്പില്ല; തന്റെ പേരിലുള്ള ഫാൻസ് ഗ്രൂപ്പുകളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് സ്വരാജ്

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ദത്ത് വിവാദത്തിൽ പരാതിക്കാരിയായ അനുപമയേയും കെ.കെ രമ എംഎൽഎയേയും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് ' എം. സ്വരാജ് ഫാൻസ് ' എന്ന ഗ്രൂപ്പിൽ വന്നത്.

Update: 2021-11-26 13:13 GMT
Editor : Nidhin | By : Web Desk
Advertising

സിപിഎം നേതാവ് എം. സ്വരാജിന്റെ ഫാൻസ് ഗ്രൂപ്പിൽ കെ.കെ രമ എംഎൽഎയേയും അനുപമയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റ് വന്നതിൽ വിശദീകരണവുമായി സ്വരാജ് രംഗത്ത്.

ഫാൻസ് ഗ്രൂപ്പുമായി തനിക്കൊരു ബന്ധമില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും തിനോടൊന്നും തെല്ലും യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഫാൻ സംസ്‌കാരത്തിന്റെ ' രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലെന്നും ഇന്നോളം താൻ ആരെയും ആരാധിച്ചിട്ടില്ലെന്നും സ്വയം ആരാധ്യനാണെന്ന് ഒരു നിമിഷം പോലും തോന്നിയിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

' വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.'' -സ്വരാജ് പറഞ്ഞു.

എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ദത്ത് വിവാദത്തിൽ പരാതിക്കാരിയായ അനുപമയേയും കെ.കെ രമ എംഎൽഎയേയും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് ' എം. സ്വരാജ് ഫാൻസ് ' എന്ന ഗ്രൂപ്പിൽ ' ചെങ്കൊടിയേന്തിയ കൈകൾ എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഫാൻ സംസ്കാരത്തിന്റെ " രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല.

ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.

ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല.

എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.

- ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ - .

എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്.

ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല.

നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്.

എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല.

വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.

പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്.

അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.

എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്.

ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല.

എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു. 

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News