'കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്'; മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
'കിലുക്കം' സിനിമയിലെ രേവതിയുടെ റോളിലാണ് സ്വപ്‌ന സുരേഷെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചിത്രത്തിലെ മോഹൻലാലിന്റെ അവസ്ഥയിലാണെന്നും കഴിഞ്ഞ ദിവസം സ്വരാജ് പരിഹസിച്ചിരുന്നു
കോഴിക്കോട്: കോൺഗ്രസിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരെ സി.പി.എം നേതാവ് എം. സ്വരാജ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്‌ന 'കിലുക്കം' സിനിമയിലെ രേവതിയാണെങ്കിൽ, പിണറായി വിജയൻ ജസ്റ്റിസ് പിള്ളയും സ്വരാജ് നിശ്ചൽകുമാറുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ രാഹുൽ പരിഹസിച്ചു.
രേവതി പറയുന്നതെല്ലാം വിശ്വസിക്കുന്ന 'കിലുക്കം' സിനിമയിലെ മോഹൻലാൽ ആണ് പ്രതിപക്ഷ നേതാവെന്ന് സ്വരാജ് പറയുന്നതുകേട്ടു. വി.ഡി സതീശൻ മോഹൻലാൽ ആണോ മമ്മൂട്ടിയാണോ എന്ന തർക്കം അവിടെ നിൽക്കട്ടെ... സ്വപ്ന രേവതിയാണെങ്കിൽ, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകൻ കഥാപാത്രം. തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളർത്തിയത് തിലകനാണ്. പിന്നീട് രേവതി തിലകന്റെ 'മീശ' എടുത്ത് കളയുന്നതുവരെ നമ്മൾ കണ്ടു-ഫേസ്ബുക്ക് കുറിപ്പിൽ രാഹുൽ.
എന്തായാലും കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജെന്നും അദ്ദേഹം പരിഹസിച്ചു. ''വരുന്നവന്റെയും പോകുന്നവന്റെയും കൈയിൽനിന്ന് 'തല്ല്' കൊള്ളുക, എന്നിട്ട് 'മുച്ഛേ മാലും നഹീ'ന്ന് വിളിച്ചുകൂവുക, അത് തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും...''- രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
മരണവെപ്രാളത്തിലുള്ള കേരളത്തിലെ കോൺഗ്രസ് പിടിച്ചുനിൽക്കാൻ ബി.ജെ.പിയുമായി ഒരുമിച്ചുചേർന്ന് അവസാനത്തെ പരിശ്രമം നടത്തുകയാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് കഴിഞ്ഞ ദിവസം വിമർശിച്ചത്. കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ കാതോർക്കുന്നത് ഒരു കള്ളക്കടത്തുകാരിയുടെ വാക്കുകൾക്കാണെന്നും സ്വരാജ് ആക്ഷേപിച്ചു. പത്തനംതിട്ടയിൽ നടന്ന എൽ.ഡി.എഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''സമരം ചെയ്യുമ്പോൾ പൊലീസിന്റെ അടികൊള്ളുന്നതൊന്നും മോശം കാര്യമല്ല. നമ്മളൊക്കെ എത്ര തല്ലുകൊണ്ടിരിക്കുന്നു, അത് നാടിനു വേണ്ടിയായിരുന്നു. എന്നാൽ, ഇപ്പോൾ സമരത്തിന്റെ ആധാരമെന്താണ്? 21 തവണ സ്വർണക്കള്ളക്കടത്ത് നടത്തി, ഒടുവിൽ പിടിക്കപ്പെട്ട്, തുറങ്കലിലടക്കപ്പെട്ട്, ജാമ്യത്തിലിറങ്ങിയ, കള്ളക്കടത്തുകേസിലെ പ്രതിയായ ഒരു തട്ടിപ്പുകാരിയുടെ താളത്തിനൊത്ത് ചുവടുവയ്ക്കുന്ന ആളായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയില്ലേ? കേരളത്തിലെ കോൺഗ്രസിന്റെ നേതാവ് ഇപ്പോൾ സോണിയ ഗാന്ധിയല്ല. കോൺഗ്രസ് കാതോർത്തുനിൽക്കുന്നത് കള്ളടക്കടത്തുകേസിലെ പ്രതിയായ തട്ടിപ്പുകാരിയുടെ വായിൽനിന്നു വരുന്നതിനാണ്. അതിനാണ് കുറെ കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരും അടിവാങ്ങിയത്.''
നോക്കിനിൽക്കുന്നതിനിടയിൽ കാണെക്കാണെ മാഞ്ഞുപോകുന്ന പാർട്ടിയായി കോൺഗ്രസ് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നഗ്‌നനേത്രങ്ങൾകൊണ്ട് കാണാമായിരുന്ന കോൺഗ്രസിനെ ഇന്ന് ഇന്ത്യയിൽ ഭൂതകണ്ണാടി കൊണ്ട് മാത്രമേ കാണാനാകൂ. ഓരോ ദിവസം കഴിയുംതോറും നേതാകന്മാരെല്ലാം കോൺഗ്രസിനെ വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. പേരുകേട്ട നേതാക്കന്മാരെല്ലാമാണ് കഴിഞ്ഞ ദിവസങ്ങളിൽ മാത്രം കോൺഗ്രസ് വിട്ടുപോയത്. അമ്മയ്ക്കും മകനും ചോദ്യംചെയ്യാൻ വേണ്ടി ഇ.ഡി നോട്ടീസ് കൊടുത്തിരിക്കുകയാണ്. മകന്റെ ചോദ്യംചെയ്യൽ കഴിഞ്ഞു. നാളെ കോൺഗ്രസ് എന്ന പാർട്ടി ഇന്ത്യയിൽ എവിടെയുണ്ടാകുമെന്ന് പറയാൻ പറ്റില്ല.-സ്വരാജ് പറഞ്ഞു.
മാനസികനില മോശമാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ആ കള്ളക്കടത്തുകാരി ഓരോ ദിവസവും മാധ്യമങ്ങളോട് സംസാരിക്കുന്നത്. ഇപ്പോൾ രണ്ടു ദിവസമായി കാണുന്നില്ല. അവസാനം കൈയിൽനിന്ന് പോയിയെന്ന് പ്രതിപക്ഷ നേതാവിനു തന്നെ തോന്നി. മുൻപ് പ്രിയദർശൻ സംവിധാനം ചെയ്ത 'കിലുക്കം' എന്ന സിനിമയിലെ രേവതിയുടെ റോളിലാണ് കള്ളക്കടത്തുകാരി നിൽക്കുന്നത്. മോഹൻലാലിന്റെ അവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്നും സ്വരാജ് പരിഹസിച്ചു.
Summary: ''M Swaraj is Nishchal Kumar character in 'Kilukkam' movie'': Youth Congress Kerala State General Secretary Rahul Mamkootathil