'ഹിന്ദു രാജ്യം വരണമെന്നാണല്ലോ താങ്കളുടെ ആഗ്രഹം, അപ്പോൾ എസ്എഫ്‌ഐക്കാരോട് കണക്ക് ചോദിക്കുക മുൻഗണനയിൽ വരിക സ്വാഭാവികം' ;രാഹുൽ ഗാന്ധിക്കെതിരെ എംഎ ബേബി

ആർഎസ്എസിന്റെയും മോദിയുടെയും ഹിന്ദു രാഷ്ട്രത്തിനുപകരം ഹിന്ദു രാജ്യം വരണം എന്നാണല്ലോ താങ്കളുടെ ആഗ്രഹം! അപ്പോൾ ഈ കാലത്ത് എസ്എഫ്‌ഐക്കാരോട് കണക്ക് ചോദിക്കുക മുൻഗണനയിൽ വരിക സ്വാഭാവികമാണെന്നും എംഎ ബേബി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

Update: 2022-06-27 15:53 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിക്കുന്നില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. എസ്എഫ്‌ഐക്കാരോട് കണക്കുചോദിക്കാൻ മുന്നുദിവസത്തേക്ക് വയനാട്ടിലേക്കുവരുന്ന കോൺഗ്രസിന്റെ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം. തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്താണ്?. ആർഎസ്എസിന്റെയും മോദിയുടെയും ഹിന്ദു രാഷ്ട്രത്തിനുപകരം ഹിന്ദു രാജ്യം വരണം എന്നാണല്ലോ താങ്കളുടെ ആഗ്രഹം! അപ്പോൾ ഈ കാലത്ത് എസ്എഫ്‌ഐക്കാരോട് കണക്ക് ചോദിക്കുക മുൻഗണനയിൽ വരിക സ്വാഭാവികമാണെന്നും എംഎ ബേബി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എസ്എഫ്‌ഐക്കാരോട് കണക്കുചോദിക്കാൻ മുന്നുദിവസത്തേക്ക് വയനാട്ടിലേക്കുവരുന്ന കോൺഗ്രസിന്റെ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം. തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്താണ്? അചഞ്ചലയായ മനുഷ്യാവകാശപ്പോരാളിയായ തീസ്ത സെതൽവാദിനെയും ഗുജറാത്തിലെ മുൻ എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ ഐപിഎസിനെയും ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തകാര്യം താങ്കൾ അറിഞ്ഞുകാണുമല്ലോ. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിൽ അഹമ്മദാബാദിലെ ഗുൽബർഗ ഹൗസിങ് സൊസൈറ്റിയിൽ തീവെച്ചു കൊല്ലപ്പെട്ടത് താങ്കളുടെ പാർടിയുടെ പാർലമെന്റ് അംഗം ആയിരുന്ന ഇഹ്‌സാൻ ജാഫ്രി അടക്കമുള്ള ആളുകളാണ്.

മുസ്ലിങ്ങളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുന്നതുകണ്ട് മുൻ എംപി ആയ ഇഹ്‌സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം പ്രാപിച്ച 69 പേരെയാണ് തീവെച്ചും വെട്ടിയും കൊന്നത്. സഹായത്തിനു വേണ്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ ഇഹ്‌സാൻ ജാഫ്രി വിളിച്ചു. ആരും സഹായിച്ചില്ല. ഭരണകൂടം അക്രമികളെ സഹായിച്ചു എന്ന് അന്ന് ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണൻ നാനാവതി കമ്മീഷന് കത്തെഴുതി. ഇക്കാര്യത്തിൽ നീതിക്കായി താങ്കളുടെ പാർടി ഒന്നും ചെയ്തില്ല. യുപിഎ 2 സർക്കാരിന് ഇക്കാര്യത്തിൽ നിയമനടപടി എടുക്കാമായിരുന്നു. ചെയ്തില്ല. കോൺഗ്രസുകാരനായ ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഇക്കാര്യത്തിൽ സുപ്രീം കോടതി വരെ കേസ് നടത്തി. ഈ കേസിലെ വിവാദപരമായ വിധി കാണിച്ച്, തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും പ്രതിയാക്കി കേസ് എടുത്തു. തീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

കോൺഗ്രസ് നേതാവായിരുന്ന ഇഹ്‌സാൻ ജാഫ്രിയുടെ കൊലയ്ക്ക് നീതി തേടി കോടതിയിൽ പോരാടിയവരെ അറസ്റ്റ് ചെയ്തപ്പോൾ അവരെ അപമാനിച്ചു കൊണ്ട്, താങ്കളുടെ പാർടിയുടെ വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞത് ഇങ്ങനെയാണ്, 'ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ നടന്ന വ്യാജരേഖ ചമയ്ക്കൽ, കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസിൻറെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാൻ കോൺഗ്രസിനു സാധിക്കില്ല.'ഇഹ്‌സാൻ ജാഫ്രിയുടെ കേസിൽ നീതിക്കായി പോരാടിയ തീസ്തയെ സംഘപരിവാറിനൊപ്പം ചേർന്നുനിന്ന് അപമാനിക്കുകയാണ് കോൺഗ്രസ്.

താങ്കളാണെങ്കിൽ ഇക്കാര്യത്തിൽ മിണ്ടുകയില്ല എന്ന വാശിയിലും. കോൺഗ്രസ് പാർലമെന്റ് അംഗം ആയിരുന്ന ആളാണെങ്കിലും മുസ്ലിം ആയതിനാൽ ഇഹ്‌സാൻ ജാഫ്രിയുടെ ജീവന് നീതി ചോദിക്കില്ല എന്നുവാശിയുള്ള താങ്കളുടെ ഹിന്ദുത്വ പ്രീണനം കഴിഞ്ഞ് എന്ത് മതേതരത്വത്തെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നത്? ആർഎസ്എസിന്റെയും മോദിയുടെയും ഹിന്ദു രാഷ്ട്രത്തിനുപകരം ഹിന്ദു രാജ്യം വരണം എന്നാണല്ലോ താങ്കളുടെ ആഗ്രഹം! അപ്പോൾ ഈ കാലത്ത് എസ്എഫ്‌ഐക്കാരോട് കണക്ക് ചോദിക്കുക മുൻഗണനയിൽ വരിക സ്വാഭാവികം!

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News