നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ മാധ്യമം ആഴ്ചപ്പതിപ്പ് തിങ്കളാഴ്ചയെത്തും; വെബ്സീന് പുറത്തിറങ്ങി
മലയാളത്തിൽ ആദ്യമായാണ് ഒരു പ്രസിദ്ധീകരണം 'നിർമിത ബുദ്ധി'യെ ടൂളാക്കി പതിപ്പ് തയ്യാറാക്കുന്നത്.
കോഴിക്കോട്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ മാധ്യമം ആഴ്ചപ്പതിപ്പിന്റെ പ്രത്യേക പതിപ്പ് തിങ്കളാഴ്ച വിപണിയിലെത്തും. മലയാളത്തിൽ ആദ്യമായാണ് ഒരു പ്രസിദ്ധീകരണം 'നിർമിത ബുദ്ധി'യെ ടൂളാക്കി പതിപ്പ് തയ്യാറാക്കുന്നത്. ലക്കത്തിന്റെ വെബ്സീന് പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.
പ്രത്യേക പതിപ്പിന്റെ മുഖചിത്രം, കത്തുകൾ, 'തുടക്കം' (എഡിറ്റോറിയൽ), അകപ്പേജുകളിലെ ചിത്രങ്ങൾ, കവിത, കഥ, ചാറ്റ് ജി.പി.ടി ലേഖനം എന്നിങ്ങനെ പതിപ്പിന്റെ വലിയൊരു ഭാഗവും 'നിർമിത ബുദ്ധി' ഉപയോഗിച്ച് സൃഷ്ടിച്ചതാണ്. 'മാധ്യമ'ത്തിലെ എഡിറ്റോറിയൽ വിഭാഗം സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെയാണ് നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്തിയത്. മലയാള പ്രസിദ്ധീകരണ രംഗത്ത് ഇത് വേറിട്ട പരീക്ഷണമാണ്.
'നിർമിത ബുദ്ധി'യെ ആഴ്ചപ്പതിപ്പ് ഗൗരവപൂർവം തന്നെ പരിശോധിക്കുന്നുണ്ട്. മനുഷ്യനെയും മനുഷ്യ ഭാവനയെയും മറികടക്കാൻ 'നിർമിത ബുദ്ധി'ക്ക് കഴിയും എന്ന അവകാശവാദങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്ന ലേഖനങ്ങളും കുറിപ്പുകളുമുണ്ട്. ചാറ്റ് ജി.പി.ടി രചിച്ച കവിതകളും കഥയുമുണ്ട്.
സാങ്കേതികവിദ്യ അധികം പരിചയമില്ലാത്തവർക്ക് എന്താണ് നിർമിത ബുദ്ധി എന്ന് മനസ്സിലാക്കിനൽകലും പതിപ്പിന്റെ ദൗത്യമാണ്. എതിരൻ കതിരവൻ ഉൾപ്പെടെയുള്ളവർ എഴുതുന്നു. നിർമിത ബുദ്ധിക്ക് മനുഷ്യ ഭാവനയെയും ചിന്തയെയും മറികടക്കാനാവുമോ എന്ന വിശകലനവും പതിപ്പിലുണ്ട്.