ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച് പുറത്തിറക്കിയ മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണമായി മാധ്യമം ആഴ്ചപതിപ്പ്
മുഖചിത്രം മുതല്‍ കഥകളും കവിതകളും വരെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച് പുറത്തിറക്കിയ മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണം എന്ന നേട്ടം മാധ്യമം ആഴ്ചപതിപ്പിന് സ്വന്തം. മുഖചിത്രം മുതല്‍ കഥകളും കവിതകളും വരെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു കവിത വേണം.. വിഷയം മാത്രം ടൈപ്പ് ചെയ്താല്‍ മതി... കവിത റെഡി... ഇതുപോലെത്തന്നെയാണ് ചിത്രങ്ങളും ലേഖനങ്ങളുമെല്ലാം. പ്രത്യേക പതിപ്പിലെ മുഖചിത്രം, ഉള്‍പ്പേജിലെ ചിത്രങ്ങള്‍, കവിത, കഥ,ലേഖനം തുടങ്ങി വലിയൊരു ഭാഗവും ഇങ്ങനെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയതാണ്..മാധ്യമ'ത്തിലെ എഡിറ്റോറിയൽ, സാങ്കേതിക വിഭാഗങ്ങളുടെ രണ്ടാഴ്ചയുടെ പ്രയത്നഫലമാണ് പ്രത്യേക പതിപ്പ്.
നിര്‍മിത ബുദ്ധിയെ ആഴ്ചപ്പതിപ്പ് ഗൗരവപൂര്‍വം പരിശോധിക്കുന്നുണ്ട്. നിര്‍മിത ബുദ്ധിക്ക് മനുഷ്യ ഭാവനയെയും ചിന്തയെയും മറികടക്കാനാവുമോ എന്ന ആഴത്തിലുള്ള വിശകലനവും പതിപ്പിലുണ്ട്. സാങ്കേതിക വിദ്യയെ കുറിച്ച് വലിയ ജ്ഞാനമില്ലാത്തവര്‍ക്കും എന്താണ് നിര്‍മിത ബുദ്ധി എന്ന് മനസ്സിലാക്കാന്‍ പറ്റുന്ന വിധമാണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും വീക്ക്‍ലിക്ക് ലഭിക്കുന്നത്.