മഹാരാജാസ് കോളേജിന് സ്വയംഭരണ പദവിയില്ലെന്ന് യുജിസി; അംഗീകാരമുണ്ടായത് 2020 മാർച്ച് വരെ
സ്വയംഭരണ പദവി തുടരാൻ കോളേജ് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും യുജിസി
Update: 2024-10-15 02:26 GMT
എറണാകുളം: മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നഷ്ടമായതായി യുജിസിയുടെ വിവരാവകാശ രേഖ. അംഗീകാരം 2020 മാർച്ച് വരെ മാത്രമായിരുന്നുവെന്നും, സ്വയംഭരണ പദവി തുടരാൻ കോളേജ് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും യു.ജി.സി അറിയിച്ചു. വിവരാവകാശ രേഖകൾ മീഡിയവണിന് ലഭിച്ചു. കോളേജിന്റെ അധികാരം എം.ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നാണ് ആവശ്യം.
ഏതാനും മാസങ്ങൾക്ക് മുൻപ് മഹാരാജാസിൻ്റെ സ്വയംഭരണ പദവി ചോദ്യംചെയ്ത് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. അന്ന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും താത്കാലികമായ കാലതാമസമാണെന്നുമായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. എന്നാൽ സ്വയംഭരണ പദവി തുടരാൻ അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.