'പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടില്ല'; ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വീണ്ടും തിരുത്തുമായി മഹാരാജാസ് കോളേജ്
മൂന്നാം സെമസ്റ്റർ പരീക്ഷക്ക് ആർഷോ രജിസ്റ്റർ ചെയ്‌തെന്നായിരുന്നു പ്രിൻസിപ്പൽ നേരത്തെ പറഞ്ഞിരുന്നത്
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വീണ്ടും തിരുത്തുമായി മഹാരാജാസ് കോളേജ്. മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ ആർഷോ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി.എസ് ജോയി പറഞ്ഞു. ആർഷോ പുനഃപ്രവേശനം നേടിയത് നാലാം സെമസ്റ്ററിലാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. വിവാദമായ മൂന്നാം സെമസ്റ്റർ പരീക്ഷക്ക് ആർഷോ രജിസ്റ്റർ ചെയ്‌തെന്നായിരുന്നു കോളജ്പ്രിൻസിപ്പൽ നേരത്തെ പറഞ്ഞിരുന്നത്.
സംഭവത്തിൽ ഗൂഡാലോചനയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന ആർഷോയുടെ ആരോപണവും പ്രിൻസിപ്പല്‍ തളളിയിരുന്നു. റീ അഡ്മിഷൻ എടുത്തത് 2021 ബാച്ചിന്റെ കൂടെയാണെന്നും മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയെഴുതാൻ ആർഷോ രജിസ്റ്റർ ചെയ്തിരുന്നുവെന്നും രേഖകൾ പുറത്ത് വിട്ട് പ്രിൻസിപ്പല്‍ പറഞ്ഞിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടിയിരുന്നു. ആർഷോയുടെ ഫലം തെറ്റായി വരാൻ കാരണം സാങ്കേതിക പിഴവാണെന്ന് പ്രിൻസിപ്പല്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ഗൂഡാലോചന നടന്നുവെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പി.എം ആർഷോ.