ചേരി തിരിഞ്ഞ് മഹിളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍; ജേബി മേത്തറും എൽദോസ് കുന്നപ്പിള്ളിയും ഇരുപക്ഷത്ത്
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് രണ്ട് ഇടങ്ങളിൽ പരിപാടി സംഘടിപ്പിക്കാൻ കാരണം
പെരുമ്പാവൂർ: ചേരി തിരിഞ്ഞ് മഹിളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍. മഹിളാ കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടപ്പിച്ച ഉത്സാഹ് പരിപാടിയാണ് ഒരേ സമയം രണ്ട് ഇടങ്ങളിൽ നടന്നത്. ഔദ്യോഗിക പക്ഷത്തിന്റെ പരിപാടിയില്‍ സംസ്ഥാന അധ്യക്ഷ ജെബി മേത്തർ പങ്കെടുത്തു. വിമതർക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും എൽദോസ് കുന്നപ്പിള്ളിയിൽ എം.എൽ.എയും രംഗത്തു വന്നിട്ടുണ്ട്.
എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഭവനിലും ജെബി മേത്തർ എം പിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിലെ ഹോട്ടലിലുമാണ് പരിപാടികൾ നടക്കുന്നത്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് രണ്ട് ഇടങ്ങളിൽ പരിപാടി സംഘടിപ്പിക്കാൻ കാരണം. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പങ്കെടുത്ത പരിപാടിയാണ് ഔദ്യോഗിക പരിപാടി എന്നാണ് മഹിളാ കോൺഗ്രസിൻ്റെ വിശദീകരണം. ഇന്ദിരാ ഭവനിൽ നടന്നതാണ് ഔദ്യോഗിക പരിപാടി എന്നാണ് എൽദോസ് കുന്നപ്പിള്ളിയിൽ എംഎൽഎയുടെ വിശദീകരണം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകളെ കോൺഗ്രസിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്സാഹ് എന്ന പേരിൽ ജെബി മേത്തർ എംപി യുടെ നേതൃത്വത്തിൽ കൺവെൻഷൻ നടക്കുന്നത്.
എന്നാൽ ഇന്ദിരാ ഭവനിൽ നടന്ന പരിപാടിയെ കുറിച്ച് അറിയില്ലെന്ന് ജെബി മേത്തർ എം.പി പ്രതികരിച്ചു. താൻ പങ്കെടുത്തതാണ് ഔദ്യോഗിക പരിപാടിയെന്നും മറ്റ് കാര്യങ്ങൾ പരിശോധിക്കും അവർ കൂട്ടിച്ചേർത്തു.
എൽദോസ് കുന്നപ്പിള്ളിയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ സമാന്തര പരിപാടിയെക്കുറിച്ച് പരിശോധിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.