ചരിത്രനേട്ടവുമായി മലബാർ മിൽമ
ക്ഷീര കർഷക ക്ഷേമ പ്രവർത്തനങ്ങൾക്കായി മലബാർ മിൽമ ചെലവഴിച്ചത് 64.69 കോടി
കോഴിക്കോട്: 2023 -2024 സാമ്പത്തിക വർഷത്തിൽ മലബാർ മിൽമ വൻ നേട്ടങ്ങൾ ഉണ്ടായതായി മിൽമ ചെയർമാൻ കെ.എസ്.മണി. മലബാർ മേഖലാ യൂണിയന്റെ 34 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ഏറ്റവും മികച്ച കർഷക ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത് കഴിഞ്ഞ സാമ്പത്തിക വർഷമാണ്. 64.69 കോടി രൂപയാണ് ക്ഷീര കർഷക ക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷം ചിലവഴിച്ചത്. അധിക പാൽവിലയായും കാലിത്തീറ്റ സബ്‌സിഡിയായും മാത്രം, 52 കോടി രൂപയാണ് മലബാർ മിൽമ ചെലവിട്ടത്. ക്ഷീര കർഷക ക്ഷേമ നിധിയിലേക്ക് 9.4 കോടിയും ക്ഷീര സ്വാന്തനം ഇൻഷ്വറൻസ് പദ്ധതിയിലേക്ക് 39.78 ലക്ഷം രൂപയും നൽകി.
പാലുത്പാദനത്തിൽ രാജ്യത്തും കേരളത്തിലും വലിയതോതിലുള്ള കുറവ് രേഖപ്പെടുത്തിയപ്പോഴും കഴിഞ്ഞ സാമ്പത്തിക വർഷം മലബാർ മിൽമയുടെ പാൽ സംഭരണത്തിൽ 5.3 ശതമാന മാത്രമേ കുറവു വന്നിട്ടുണ്ടായിരുന്നുള്ളു. 1190 ക്ഷീര സംഘങ്ങളിൽ നിന്നായി 6,53,727 ലിറ്റർ പാൽ പ്രതിദിനം യൂണിയൻ സംഭരിക്കുകയുണ്ടായി. ഇത് മലബാർ മേഖലാ യൂണിയൻ നടത്തിയ മികച്ച കർഷക ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലമാണെന്ന് ചെയർമാൻ പറഞ്ഞു.
പ്രവർത്തന മികവിനുള്ള നിരവധി ദേശീയ അംഗീകാരങ്ങളും പ്രശംസകളും കഴിഞ്ഞ സാമ്പത്തിക വർഷം മലബാർ മിൽമയെ തേടിയെത്തി. രാജ്യത്തെ ഏറ്റവും മികച്ച ക്ഷീര സംഘത്തിനുള്ള അംഗീകാരമായ ഗോപാൽ രത്‌ന പുരസ്‌കാരം യൂണിയന്റെ അംഗസംഘമായ പുൽപ്പള്ളി ക്ഷീര സംഘത്തിനു ലഭിച്ചു. രാജ്യത്തെ ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് മലബാർ മിൽമയെന്ന് കേന്ദ്ര സർക്കാർ പ്രസ്താവിക്കുകയുമുണ്ടായി. ആയുർവേദ വെറ്ററിനറി മരുന്നുകൾ പുറത്തിറിക്കി മലബാർ മിൽമയ്ക്ക് ദേശീയ തലത്തിൽ വൻ സ്വീകര്യതയാണ് ലഭിച്ചത്.
കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ചുള്ള പാലുത്പാദന കുറവു കാരണം കർഷകർക്കുണ്ടാവുന്ന നഷ്ടം നികത്തുന്നതിനായി പ്രത്യേക ഇൻഷ്വറൻസ് സ്‌കീം രാജ്യത്താദ്യമായി നടപ്പിലാക്കിയത് മലബാർ മിൽമയാണ്. ക്ഷീര കർഷകർക്ക് ആവശ്യാനുസരണം ഗുണമേന്മയുള്ള പച്ചപ്പുല്ല്, ചോളപ്പുല്ല്, ചോളം സൈലേജ് എന്നീ തീറ്റ വസ്തുക്കൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. തീറ്റ വസ്തുക്കൾക്കുള്ള സബ്‌സിഡിയിനത്തിൽ 8.24കോടിയാണ് കഴിഞ്ഞ വർഷം മാത്രം മലബാർ മിൽമ ചിലവഴിച്ചത്. മിൽക്ക് റീപ്ലേസർ, ധാതു ലവണ മിശ്രിതം, ബൈപ്പാസ് ഫാറ്റ് തുടങ്ങിയവയ്ക്ക് സബ്‌സിഡിയായി 168 ലക്ഷം, വികേന്ദ്രീകൃത മൃഗ ചികിത്സാ പദ്ധതി, ക്രിത്രിമ ബീജാധാന കേന്ദ്രങ്ങളുടെ പ്രവർത്തനം, ആയുർവ്വേദ വെറ്ററിനറി മരുന്നുകളുടെ പ്രചരണം എന്നിവയ്ക്കായി 75.18 ലക്ഷം, ക്ഷീര സംഘങ്ങളുടെ അടിസ്ഥാന വികസനത്തിനായി രണ്ട് കോടി, ക്ഷീര സംഘങ്ങൾക്കും സംഘം ജീവനക്കാർക്കുമായുള്ള പരിശീലനത്തിന് 78.38 ലക്ഷം, കാലിത്തൊഴുത്ത്, ബയോ ഗ്യാസ് പ്ലാന്റ് എന്നിവ നിർമിക്കുന്നതിനും ഡെയറി ഫാം ഉപകരണങ്ങൾ വാങ്ങുന്നതിനുമായി സഹയാധനമായി 122.6 ലക്ഷം രൂപ എന്നിങ്ങനെ വൻ തുകയാണ് മേഖലായ യൂണിയൻ ക്ഷീര കർഷകർക്ക് നൽകിയത്.
നിർധനരായ വിധവകൾക്ക് വീടു നിർമാണത്തിനു ധനസഹായം നൽകുന്ന ക്ഷീര സദനം പദ്ധതി, കാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖം എന്നിവ കാരണം ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകരെ സഹായിക്കുന്ന ക്ഷീര സമാശ്വാസം പദ്ധതി, ക്ഷീര കർഷകരുടെ മക്കൾക്ക് ടൈപ്പ് വൺ പ്രമേഹ ചികിത്സക്ക് ധനസഹായം നൽകുന്ന ക്ഷീര കാരുണ്യഹസ്ത പദ്ധതി, ക്ഷീര കർഷകരുടെ പെൺമക്കൾക്ക് സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന ക്ഷീര സുകന്യാ പദ്ധതി തുടങ്ങി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങളും മലബാർ മിൽമ നടപ്പിലാക്കുന്നുണ്ട്.
ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകിയ 64.69 കോടി രൂപകൂടി കണക്കാക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം ഒരു ലിറ്റർ പാലിന് ക്ഷീര സംഘങ്ങൾക്ക് മലബാർ മിൽമ നൽകിയ വില 48.16 രൂപയാണ്. ഇത് ചരിത്ര നേട്ടമാണെന്നും കേരള സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും സഹകരണവുമാണ് മലബാർ മിൽമയെ ഈ വളർച്ച കൈവരിക്കാൻ സഹായിച്ചതെന്നും ചെയർമാൻ കെ.എസ് മണി പറഞ്ഞു.