സമൃദ്ധിക്കാഴ്ചയിലേക്ക് കൺതുറന്ന് മലയാളികൾ; പൊൻകണിയൊരുക്കി ഇന്ന് വിഷു
ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികൾ
കോഴിക്കോട്: സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കൺതുറന്ന് മലയാളിക്കിന്ന് വിഷു. കാണുന്ന കണി പോലെ സമ്പൽ സമൃദ്ധമാകും വരുംവർഷമെന്നാണ് വിശ്വാസം. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികൾ.
വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന എന്നേ പൂത്തു. അത്രയേറെ ചൂടാണ് ഇക്കൊല്ലം. നേരം പുലരും മുന്നേ കണികാണണം. അതിനായി ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയുടെ കാഴ്ച. കൃഷ്ണ വിഗ്രഹവും കണിവെള്ളരിയും കണിക്കൊന്നയും കാർഷിക വിളകളും. വാൽകണ്ണാടിയും നാളികേരവും ചക്കയും മാങ്ങയുമെല്ലാം.. അതിരാവിലെ മിഴി തുറക്കുന്നത് ഈ കാഴ്ചകളിലേക്കാണ്.
നല്ല നാളെയിലേക്ക് ഐശ്വര്യത്തിന്റെ കണികണ്ടുണർന്നു മലയാളികൾ. കുഞ്ഞുകൈകളിലേക്ക് സന്തോഷം പകർന്ന് കൈനീട്ടം. പടക്കവും പൂത്തിരിയുമടക്കം ന്യൂജെൻ ഐറ്റങ്ങൾ വീട്ടുമുറ്റങ്ങളിൽ വർണ്ണം വിടർത്തി. വിഷു അടിപൊളിയാക്കുകയാണ് മലയാളികളെല്ലാം.
വിഷുപ്പുലരിയിൽ ശബരിമലയിലും ഗുരുവായൂർ ക്ഷേത്രത്തിലുമടക്കം വൻ തിരക്കാണ്. വിവിധ ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Summary: Malayalees celebrate Vishu today