ഒഡീഷ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ മലയാളികൾ നാട്ടിൽ തിരിച്ചെത്തി

ബാലസോർ ദുരന്തത്തെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം ഇന്ന് പൂർവസ്ഥിതിയിലായേക്കും

Update: 2023-06-06 01:22 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട മലയാളികൾ നാട്ടിൽ തിരിച്ചെത്തി. തൃശ്ശൂർ സ്വദേശികളായ കിരൺ,ബിജീഷ്,വൈശാഖ്,രഘു എന്നിവരാണ് ഇന്നലെ കൊച്ചിയിൽ എത്തിയത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുപേരും നോർക്കയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. കൊൽക്കത്തയിലെ ക്ഷേത്ര നിർമാണത്തിനായാണ് 8 അംഗ സംഘം പോയത്. ഇതിൽ 4 പേർ നേരത്തെ നാട്ടിൽ മടങ്ങി എത്തിയിരുന്നു. 

അതേസമയം, ബാലസോർ ദുരന്തത്തെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം ഇന്ന് പൂർവസ്ഥിതിയിലായേക്കും. പരിക്കുകളോടെ 382 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇനിയും 124 മൃതദേഹങ്ങളാണ് ആണ് തിരിച്ചറിയാനുള്ളത്. മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്ന് പൂർണ തോതിൽ പ്രവർത്തന ക്ഷമമാക്കാമെന്ന കണക്കു കൂട്ടലിലാണ് റെയിൽവേ. രണ്ട് ട്രാക്കുകളിൽ സർവീസ് ഇന്നലെ തന്നെ ആരംഭിച്ചു . നിരവധി ട്രെയിനുകൾ സർവീസ് നടത്തിയെങ്കിലും ബാലസോർ ഭാഗത്ത് വളരെ മന്ദഗതിയിലാണ് യാത്ര.

അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ആവശ്യമെങ്കിൽ ഡി എൻ എ പരിശോധന നടത്താനാണ് തീരുമാനം. അപകടത്തെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അട്ടിമറി സാധ്യത ഉണ്ടെന്നു ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചതിനെ തുടർന്നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് സൂചന.  അപകടവുമായി ബന്ധപ്പെട്ട നിരവധി അജ്ഞാതർക്കെതിരെ റെയിൽവേ കേസ് എടുത്തു. റെയിൽവേ നിയമത്തിലെ 153, 154, 175 വകുപ്പുകൾ പ്രകാരമാണ് റെയിൽവേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News