ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിക്ക് മോചനം; കേരളത്തില്‍ തിരിച്ചെത്തി
കപ്പലില്‍ ശേഷിക്കുന്ന 16 ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്
കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള കപ്പലിലെ മലയാളി ജീവനക്കാരി കൊച്ചിയിലെത്തി. തെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാറിന്റെയും യോജിച്ച ശ്രമങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ ഡെക്ക് കേഡറ്റ് ആന്‍ ടെസ്സ ജോസഫ് ഇന്ന് ഉച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കൊച്ചിന്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആന്‍ ടെസ്സയെ സ്വീകരിച്ചു.
കഴിഞ്ഞയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കിന് സമീപം എം.എസ്.സി ഏരീസ് എന്ന കണ്ടെയ്‌നര്‍ കപ്പല്‍ ഇറാന്‍ സൈന്യം പിടികൂടിയത്. ആന്‍ ടെസ്സ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു.
കപ്പലില്‍ ശേഷിക്കുന്ന 16 ജീവനക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി ഇവര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
17 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി ചൊവ്വാഴ്ച പറഞ്ഞിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ കാലാവസ്ഥ അനുകൂലമായാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇസ്രായേല്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്.