ഒരു മാസത്തിന് ശേഷം മല്ലു ട്രാവലർ നാട്ടിലേക്ക്
വിദേശ വനിത നല്‍കിയ പീഡന പരാതിയിൽ കഴിഞ്ഞ ദിവസം വ്ളോഗര്‍ക്ക് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചിരുന്നു
സൗദി യുവതി നൽകിയ പീഡനപരാതിയെ തുടർന്ന് ഈയിടെ വാർത്തയിൽ നിറഞ്ഞ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ) നാട്ടിലേക്ക്. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് നാട്ടിലേക്ക് തിരിക്കുന്നതുമായി ബന്ധപ്പെട്ട വിവരം വ്‌ളോഗർ പങ്കുവച്ചത്. പീഡന പരാതിയിൽ വെള്ളിയാഴ്ച ഹൈക്കോടതി ഷാക്കിറിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
'ഒരു മാസത്തെ സാഹസികതയ്ക്കും അനുഭവങ്ങൾക്കും ശേഷം ഒടുവിൽ നാട്ടിലേക്ക് തിരിക്കുന്നു. കുടുംബവുമായി വീണ്ടും സന്ധിക്കാനും കഥകൾ പറയാനും വീടിന്റെ പരിചിതമായ ആലിംഗനത്തിൽ ആശ്വാസം കണ്ടെത്താനും തിടുക്കമാകുന്നു'
ഇന്ത്യയിലേക്ക് തിരിക്കും മുമ്പാണ് വ്‌ളോഗറുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്‌പോർട്ട് ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നിലവിൽ യുഎഇയിലാണ് ഷാക്കിർ. ഇന്റർവ്യൂ ആവശ്യവുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ കൊച്ചിയിലെ ഹോട്ടലിൽ വച്ച് ഷാക്കിർ ലൈംഗിക അതിക്രമം നടത്തി എന്നാണ് സൗദി യുവതി ആരോപിക്കുന്നത്. എന്നാൽ പരാതി നൂറു ശതമാനം വ്യാജമാണ് എന്ന് വ്‌ളോഗർ പറയുന്നു. തെളിവുകൾ കൊണ്ട് കേസിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസ് സൗദി യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.