മലപ്പുറത്ത് ഡ്രൈവിങ് സ്കൂളിൽ മോഷണം നടത്തി മുങ്ങി; തിരിച്ചെത്തിയപ്പോൾ പിടിയിൽ
ഇവിടുത്തെ വാഹനങ്ങളുടെ നികുതിയടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.
മലപ്പുറം: പരപ്പനങ്ങാടിയിൽ ഡ്രൈവിങ് സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഒതുക്കുങ്ങൽ സ്വദേശി അബ്ദുൽ റസാക്കിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരലക്ഷത്തോളം രൂപയാണ് മോഷണം പോയത്.
സെപ്തംബർ 20നായിരുന്നു ഡ്രൈവിങ് സ്‌കൂളിൽ കവർച്ച നടന്നത്. ഇവിടുത്തെ വാഹനങ്ങളുടെ നികുതിയടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. മേശ കുത്തിത്തുറന്നാണ് പ്രതി പണം കവർന്നത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ അബ്ദുൽ റസാക്കാണെന്ന് മനസിലായത്. മോഷ്ടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
മലപ്പുറം, കോട്ടക്കൽ, നിലമ്പൂർ, തൃശൂർ ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. നാട്ടിൽ സ്ഥിരം നിൽക്കാത്ത ഇയാൾ മോഷണശേഷം നാടുവിടുകയും ചെന്നൈ, കോയമ്പത്തൂർ ഉൾപ്പെടെ പല സ്ഥലങ്ങളിൽ പോയി ആഡംബര ജീവിതം നയിക്കുകയും പണം തീരുമ്പോൾ തിരിച്ചുവരികയുമാണ് പതിവ്.
ഇപ്പോൾ വീണ്ടും പരപ്പനങ്ങാടിയിൽ തിരിച്ചെത്തി പോത്തിനെ നോക്കുന്ന ആളെന്ന വ്യാജേന സമാനമായ മോഷണത്തിന് പദ്ധതിയിടുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്.