വയനാട്ടെ നരഭോജി കടുവ കൂട്ടിലായി; കൊല്ലാനാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

പത്തുദിവസത്തെ തെരച്ചിലിനൊടുവിലാണ് കടുവ കൂട്ടിലായത്.

Update: 2023-12-18 10:57 GMT
Advertising

മാനന്തവാടി: വയനാട് വാകേരിയിൽ യുവകർഷകൻ പ്രജീഷിന്റെ ജീവനെടുത്ത കടുവ കൂട്ടിലായി. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്ക്കു സമീപത്തുള്ള കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്തുദിവസത്തെ തെരച്ചിലിനൊടുവിലാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിൽത്തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം.

ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് പ്രജീഷ് മരിച്ച് പത്താം ദിവസം കൂട്ടില്‍ വീണത്. നേരത്തേ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചു. അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ കടുവയെ വെടിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

അതേസമയം, കടുവയെ കൊല്ലണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. പത്ത് ദിവസം ഞങ്ങൾ ക്ഷമിച്ചെന്നും കടുവയെ വെടിവച്ചു കൊല്ലാതെ വിടില്ലെന്നും നാട്ടുകാർ പറയുന്നു. കടുവയെ ഇവിടെ നിന്നും പിടികൂടി മറ്റൊരിടത്ത് കൊണ്ടുവിടാനാണ് വനംവകുപ്പിന്റെ നീക്കമെന്നും അതിന് സമ്മതിക്കില്ലെന്നും ഇനിയും ആളുകളെ ജീവൻ പോവുന്ന അവസ്ഥ ഉണ്ടാവരുതെന്നും നാട്ടുകാർ പറയുന്നു. 

'പത്ത് ദിവസം സംയമനം പാലിച്ചത് കടുവയെ വെടിവച്ച് കൊല്ലുമെന്ന് കരുതിയാണ്. നേരത്തെ കടുവയെ വെടിവച്ച് കൊല്ലാമെന്ന ഉത്തരവിനെ തുടർന്നാണ് തങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചത്. ഇപ്പോൾ കടുവ പിടിയിലായിരിക്കുന്നു. ഇനി വെടിവച്ച് കൊല്ലാതെ ഇവിടെ നിന്ന് കൊണ്ടുപോകാൻ അനുവദിക്കില്ല'- ജനങ്ങൾ പറയുന്നു.

കൊല്ലാതെ മറ്റൊരു ഒത്തുതീർപ്പിനില്ലെന്ന് തൊഴിലാളികളടക്കമുള്ള നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പത്തുദിവസമായി പണിക്ക് പോലും പറ്റാതെ ഇരിക്കുകയാണ് തങ്ങളെന്നും കടുവ കൂട്ടിലാണ് എന്ന് പറഞ്ഞിട്ടുകാര്യമില്ലെന്നും ജനങ്ങൾ വ്യക്തമാക്കുന്നു. തദ്ദേശ ജനപ്രതിനിധികളും നാട്ടുകാർക്കൊപ്പം പ്രതിഷേധ രം​ഗത്തുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കടുവയുമായുള്ള വനംവകുപ്പിന്റെ വാഹനം പുറത്തുപോകാനാവാത്ത സ്ഥിതിയിലാണ്.

ഡിസംബർ ഒമ്പതിനാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് 36കാരനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയത്. പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്. 

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News