മരിച്ചെന്നു കരുതി സംസ്കരിച്ചു; ജീവനോടെ വന്ന പരേതനെ കണ്ട് ഞെട്ടി ബന്ധുക്കളും നാട്ടുകാരും
അന്തോണി എന്ന് കരുതിപള്ളിയിൽ സംസ്കാരം നടത്തിയ മൃതദേഹം ആരുടേതാണ് എന്ന കാര്യത്തിൽ ഇതുവരേയും വ്യക്തതയില്ല
കൊച്ചി: മരിച്ചെന്നു കരുതി സംസ്കാരം നടത്തിയയാൾ ഏഴാം ദിവസം തിരികെ വന്നു. ആലുവ ചുണങ്ങംവേലി സ്വദേശി അന്തോണിയാണ് തിരികെ എത്തിയത്. അന്തോണി എന്ന് കരുതിപള്ളിയിൽ സംസ്കാരം നടത്തിയ മൃതദേഹം ആരുടേതാണ് എന്ന കാര്യത്തിൽ ഇതുവരേയും വ്യക്തതയില്ല.
ഒരാഴ്ച മുൻപാണ് താലൂക്ക് ആശുപത്രിയിൽ മരിച്ചയാൾ ചുണങ്ങംവേലി സ്വദേശി അന്തോണിയാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ പള്ളിയിൽ സംസ്കരിച്ചത്. വർഷങ്ങളായി നാട്ടിൽ വരാതിരുന്ന അന്തോണി ഇന്നലെ മടങ്ങിയെത്തിയതോടെ സംസ്കരിച്ചത് അന്തോണിയുടെ മൃതദേഹം അല്ലെന്ന് തെളിഞ്ഞു.ഏഴാം ചരമദിനത്തിന്‍റെ ചടങ്ങുകൾ കഴിഞ്ഞു.പള്ളിയിൽ നിന്നും മടങ്ങിയ ബന്ധുക്കളും നാട്ടുകാരും തിരികെ എത്തിയ അന്തോണിയെ കണ്ട് അമ്പരന്നു .
ബസ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തി അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. അന്തോണിയെ അറിയാവുന്ന ഒരു പൊലീസുകാരന് സംശയം തോന്നി വിവരമറിയിച്ചപ്പോൾ സഹോദരിമാരും വാർഡ് മെമ്പറും ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു.
ജനനവും മരണവും രേഖപ്പെടുത്തിയ സ്വന്തം കല്ലറക്ക് മുന്നിൽ ഇന്നലെ അന്തോണിയെത്തി. പള്ളിയിൽ കല്ലറയിൽ സംസ്കരിച്ച മൃതദേഹം ആരുടേതാണ് എന്ന് സംശയത്തിലാണ് ഇപ്പോൾ പൊലീസ് നാട്ടുകാരും.