മണിച്ചന്‍റെ മോചനം: ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ മറുപടി വൈകുന്നു
ചെറിയ കുറ്റം ചെയ്തവരെ ഒഴിവാക്കി മണിച്ചനെപ്പോലെ വലിയ കുറ്റം ചെയ്തവരെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തതിന്റെ കാരണം അറിയിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്‍റെ മോചന കാര്യത്തില്‍ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ മറുപടി വൈകുന്നു. ചെറിയ കുറ്റം ചെയ്തവരെ ഒഴിവാക്കി മണിച്ചനെപ്പോലെ വലിയ കുറ്റം ചെയ്തവരെ ജയില്‍മോചിതരാക്കാന്‍ തീരുമാനമെടുത്തതിന്റെ കാരണം അറിയിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. എജിയുടെ നിയമോപദേശവും സുപ്രിംകോടതി വിധിയും ഉദ്ധരിച്ച് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയുടെ 75ആം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് മണിച്ചന് അടക്കമുള്ളവര്‍ക്ക് ശിക്ഷാഇളവ് നല്‍കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി ഗവര്‍ണര്‍ക്ക് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ശിപാര്‍ശയില്‍ വിവേചനമുണ്ടെന്നും അതുണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചിട്ട് ഒരാഴ്ചയാകുന്നു. എന്നാല്‍ ഗവര്‍ണര്‍ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
സുപ്രിംകോടതി ഉത്തരവ് പ്രകാരം നാലാഴ്ചക്കുള്ളില്‍ മണിച്ചന്‍റെ മോചന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ആ സമയ പരിധി തീരാന്‍ രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. സര്‍ക്കാരിന്‍റെ മറുപടി വൈകുന്നതിനനുസരിച്ച് ഗവര്‍ണറുടെ തീരുമാനവും വൈകും.
എജിയുടെ നിയമോപദേശവും പേരറിവാളന്‍ കേസിലെ സുപ്രിംകോടതി വിധിയും ഉദ്ധരിച്ച് മറുപടി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ഉന്നയിച്ച നാല് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൂടുതല്‍ പരിശോധന നടത്തുകയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പക്ഷേ ജൂണ്‍ 20നകം സുപ്രിംകോടതി നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ വിമര്‍ശനം ഏല്‍ക്കുന്നതിനൊപ്പം പേരറിവാളനെ പോലെ മണിച്ചനെയും മോചിപ്പിക്കാന്‍ കോടതി സ്വമേധയാ തീരുമാനമെടുക്കാനുള്ള സാധ്യതയും നിയമവൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.