കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എയുടെ വിജയം ഹൈക്കോടതി റദ്ദാക്കി

വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബി.ജെ.പി നേതാവ് യുംഖം സിംഗിനെ വാങ്‍കേയ് മണ്ഡലത്തില്‍ നിന്നുള്ള വിജയിയായി ഹൈക്കോടതി പ്രഖ്യാപിച്ചു

Update: 2021-04-16 15:53 GMT
Editor : ijas
Advertising

മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ ഒക്രം ഹെന്‍റിയെയാണ് എം.എല്‍.എ സ്ഥാനത്ത് നിന്നും ഹൈക്കോടതി അയോഗ്യനാക്കിയത്. മണിപ്പൂരിലെ വാങ്‍കേയ് മണ്ഡലത്തില്‍ നിന്നാണ് ഒക്രം ഹെന്‍റി വിജയിച്ച് ജനപ്രതിനിധിയായത്. ജസ്റ്റിസ് എം.വി മുരളീധരന്‍റെ സിംഗിള്‍ ബെഞ്ചാണ് എം.എല്‍.എയുടെ വിജയം അസാധുവാക്കിയത്. ഇവിടെ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ബി.ജെ.പി നേതാവ് യുംഖം സിംഗാണ് എം.എല്‍.എക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

സിറ്റിംഗ് എം.എല്‍.എ ഒക്രം ഹെന്‍റി വിദ്യാഭ്യാസ യോഗ്യതയില്‍ കൃത്രിമം കാണിച്ചതായും തനിക്കെതിരായ ക്രിമിനല്‍ കേസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ട നാമനിര്‍ദ്ദേശ പത്രികയില്‍ നിന്നും മറച്ചുവെച്ചതായും ബി.ജെ.പി നേതാവായ യുംഖം സിംഗ് ആരോപിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ബി.എ പൂര്‍ത്തിയാക്കിയ എം.എല്‍.എ ഒക്രം ഹെന്‍റി ഇത് മറച്ചുവെച്ച് മണിപ്പൂര്‍ പബ്ലിക്ക് സ്ക്കൂളില്‍ നിന്നുള്ള പ്ലസ് ടു വിദ്യാഭ്യാസമാണ് ഉയര്‍ന്ന യോഗ്യതയായി നല്‍കിയത്. തനിക്കെതിരായ ക്രിമിനല്‍കേസും മയക്കുമരുന്ന് കേസും ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും മറച്ചുവെച്ചതായും ബി.ജെ.പി നേതാവ് ആരോപിച്ചു.

ബി.ജെ.പി നേതാവിന്‍റെ ആരോപണം അംഗീകരിച്ച കോടതി വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ യുംഖം സിംഗിനെ വാങ്‍കേയ് മണ്ഡലത്തില്‍ നിന്നുള്ള വിജയിയായി പ്രഖ്യാപിച്ചു. 2017ലെ തെരഞ്ഞെടുപ്പില്‍ ഒക്രം ഹെന്‍റി 16,753 വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ യുംഖം സിംഗിന് 12,417 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഒക്രം ഹെന്‍റി മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഐബോബി സിംഗിന്‍റെ ബന്ധുവാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഇദ്ദേഹം മറ്റു അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂടെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്നത്.

Tags:    

Editor - ijas

contributor

Similar News