മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രന് തിരിച്ചടി, പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്ക് സ്റ്റേ
സർക്കാർ നൽകിയ റിവിഷൻ ഹരജി ഫയലിൽ സ്വീകരിച്ചു
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി . പ്രതികളെ കുറ്റവിമുക്തരാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ റിവിഷൻ ഹരജി ഫയലിൽ സ്വീകരിച്ചു.സുരേന്ദ്രന് നോട്ടീസ് അയക്കും.
സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആർഎസ്എസ് ഡീലിന്റെ ഭാഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സുരേന്ദ്രൻ ഉൾപ്പടെ ആറ് ബിജെപി നേതാക്കളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ.
പകരമായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും സുന്ദരയ്ക്ക് നൽകി. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവർ വിടുതൽ ഹരജി നൽകി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.
അതേസമയം കേസിൽ പൊലീസിന് വീഴ്ചയെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം സമർപ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വർഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതിൽ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്.