മനോഹരന്‍റെ കസ്റ്റഡി മരണം; എസ്.ഐക്ക് സസ്പെൻഷൻ ; പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

മനോഹരനെ പൊലീസ് മർദിച്ചെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു

Update: 2023-03-26 07:40 GMT
Advertising

തൃപ്പൂണിത്തുറ: പൊലീസ് കസ്റ്റഡിയിൽ എടുത്ത മനോഹരൻ മരിച്ച സംഭവത്തിൽ മനോഹരനെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തിൽ നാട്ടുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്. മനോഹരന്റെ കൈത്തണ്ടയ്ക്ക് നിസാര പരിക്ക് മാത്രമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ മറ്റ് പരിക്കുകളോ ചതവുകളോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മനോഹരൻ്റെ പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളജിൽ നടക്കും. പൊലീസ് സർജൻ ഇല്ലാത്തതിനാലാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്.

മനോഹരനെ പൊലീസ് മർദിച്ചെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ നിർത്താൻ വൈകിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

മനോഹരന്റെ പിന്നാലെയെത്തിയ പൊലീസ് ഹെൽമറ്റ് ഊരിയപ്പോൾ തന്നെ മുഖത്തടിച്ചെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ജീപ്പിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് യന്ത്രം ഉപയോഗിച്ച് ഊതിച്ചിരുന്നു. മനോഹരൻ മദ്യപിച്ചിരുന്നില്ല. ഒരു കാരണവുമില്ലാതെയാണ് മനോഹരനെ പൊലീസ് കൊണ്ടുപോയതെന്ന് നാട്ടുകാർ ആരോപിച്ചു.

ശനിയാഴ്ച രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്. ഉടൻ പൊലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആൾ മരിച്ചനിലയിലായിരുന്നു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News