മാപ്പിളപ്പാട്ട് ഗായകൻ കെ.സി ചെലവൂർ അന്തരിച്ചു

മലയാള ചാനലുകളിൽ മാപ്പിളപ്പാട്ട് ഷോകളും, എഫ്.എം റേഡിയോകളും രംഗത്തില്ലാത്ത കാലത്ത് ആകാശവാണിയിൽ ആഴ്ചകൾ തോറും കെ.സി.യുടെ ഗാനങ്ങൾ ഉണ്ടാവുമായിരുന്നു.

Update: 2022-01-02 06:20 GMT
Advertising

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ കെ.സി ചെലവൂർ എന്നറിയപ്പെടുന്ന കൊടക്കാട്ട ചോലമണ്ണിൽ അബൂബക്കർ (94) അന്തരിച്ചു. മാപ്പിളപ്പാട്ട് രചിച്ചും ആലപിച്ചും ശ്രദ്ധനേടിയ കെ.സി സ്വന്തമായി ഒരു ഓർക്കസ്ട്ര സംഘത്തെ തന്നെ കെട്ടിപ്പടുത്തിരുന്നു. ആകാശവാണിയിലും നീണ്ട വർഷം മാപ്പിളപ്പാട്ട് ഗായകനായി പ്രവർത്തിച്ചു. എരഞ്ഞോളി മൂസ, വി.എം.കുട്ടി, വിളയിൽ ഫസീല, സിബല്ല സദാനന്ദൻ, മണ്ണൂർ പ്രകാശ്, കണ്ണൂർ ശരീഫ്, ഐ.പി സിദ്ദീഖ്, രഹ്ന മൈമൂന തുടങ്ങി നിരവധി പേർ കെ.സിയുടെ ഗാനങ്ങൾ ആലപിച്ചവരാണ്.

മലയാള ചാനലുകളിൽ മാപ്പിളപ്പാട്ട് ഷോകളും, എഫ്.എം റേഡിയോകളും രംഗത്തില്ലാത്ത കാലത്ത് ആകാശവാണിയിൽ ആഴ്ചകൾ തോറും കെ.സി.യുടെ ഗാനങ്ങൾ ഉണ്ടാവുമായിരുന്നു. 'ആകാശവാണി കോഴിക്കോട്, ചെലവൂർ കെ.സി.അബൂബക്കറും സംഘവും പാടുന്ന മാപ്പിളപ്പാട്ടുകൾ ഇനി കേൾക്കാം' എന്നായിരുന്നു ഒരു കാലത്ത് ആകാശവാണിയിൽ നിന്ന് കേട്ടു പതിഞ്ഞ അനൗൺസ്‌മെന്റ്. ജീവിച്ചിരിപ്പുള്ള ആകാശവാണിയുടെ സിനിയർ ആർടിസ്റ്റാണ് കെ.സി. സ്വന്തം രചിച്ചതല്ലാത്ത ഒരു പാട്ടും അദ്ദേഹം ആകാശവാണിയിലൊ പുറം പ്രോഗ്രാമുകളിലൊ പാടിയിട്ടില്ല. പ്രഗത്ഭരായ ഗായിക - ഗായകന്മാമാരേയും ഓർക്കസ്ട്ര ടീമിനേയും അണിനിരത്തി കേരളത്തിൽ എല്ലായിടത്തും തമിഴ്‌നാട്, ബോംബെ, ബാംഗ്ലൂർ, ലക്ഷദ്വീപ് എന്നിവിടങ്ങിലും പാട്ടുകച്ചേരികൾ സംഘടിപ്പിച്ചു. ആ സംഘത്തിലെ പലരും സിനിമ ഗായകരും, പ്രശസ്ത വാദ്യോപകരണ വായനക്കാരുമായി ഉയർന്നപ്പോൾ അവരെ വളർത്തി കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് കെ.സിക്കു കൂടി അവകാശപ്പെട്ടതാണ്. മലയാളത്തിന് പുറമെ ഉർദു, ഹിന്ദി, ഭാഷകളിലും പാട്ടെഴുതിയിട്ടുണ്ട്.

ചെറുപ്പം തൊട്ടെ പാട്ടിനോടുള്ള ഇഷ്‌ക് മൂത്ത് ബോംബെയിലേക്ക് നാടുവിട്ടയാളാണ്. അവിടെ കിഷോർ കുമാർ, മുഹമ്മദ് റഫി, തലത്ത് മഹ്‌മൂദ്, തലത്ത് അസീസ് എന്നിവരുടെ ഗാനങ്ങളിൽ അലിഞ്ഞ് ചേർന്ന് ജീവിച്ചു. മുഹമ്മദ് നബിയോടും കുടുംബത്തോടും സ്‌നേഹാനുരാഗം വഴിഞ്ഞൊഴുകുന്നതാണ് കെ.സി പാട്ടുകളിലെ നല്ലൊരു ഭാഗം. നിരവധി മാപ്പിളപ്പാട്ട് ഓഡിയോ കാസറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. 1960 മുതൽ 2000 വരെയാണ് ഗാനരംഗത്തെ സുവർണ കാലം. കാസർകോട് കവി ഉബൈദ് ട്രോഫി (1978) 2013 ൽ മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള മാപ്പിള കലാ അക്കാദമി അവാർഡ്, 2014ൽ അമാനുല്ലാ ഖാൻ കാനഡയുടെ പുരസ്‌കാരം, ചെലവൂർ വോഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ് ആദരം - എന്നിവ ലഭിച്ചിട്ടുണ്ട്. ഐ.പി.എച്ച് എൻസൈക്ലോപീഡിയ കെ.സിയെ കുറിച്ച് ജീവിതരേഖയും പ്രസിദ്ധീകരിച്ചു.

1926 ൽ പൊക്കളത്ത് ഹസ്സൻകുട്ടി-കൊടക്കാട്ട് ബീമകുട്ടി എന്നിവരുടെ മകനായാണ് കെ.സിയുടെ ജനനം. ഫാത്തിമാബി, സുഹറാബി എന്നിവരാണ് പത്‌നിമാർ. വിദ്യാഭ്യാസ പ്രവർത്തകനും എറണാകുളം ചേരാനല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലുമായ ഫസൽ, മർകസ് നോളജ് സിറ്റി മുൻ എക്‌സി.ഡയരക്ടറും വിദ്യാഭ്യാസ പ്രവർത്തകനുമായ അമീർ ഹസൻ (ഓസ്‌ട്രേലിയ), ബൽകീസ് എന്നിവരാണ് മക്കൾ.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News