വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ല: ഹൈക്കോടതി
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പിന്നീട് ബലാത്സംഗമാകില്ല
കൊച്ചി: വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പിന്നീട് ബലാത്സംഗമാകില്ല. ഇതിൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
കൊല്ലം പുനലൂർ സ്വദേശിക്കെതിരായ ബലാത്സംഗക്കുറ്റം ഹൈക്കോടതി റദ്ദാക്കി. പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധമാണെന്ന് പരാതിയിൽ നിന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് വിധി.
പരാതിക്കാരിയായ യുവതിയും ഹരജിക്കാരനും വിദേശത്ത് വെച്ചാണ് പരിചയത്തിലായത്. ഭർത്താവിൽ നിന്ന് യുവതി അകന്നു കഴിയുകയാണെങ്കിലും വിവാഹ മോചന നടപടികൾ പൂർത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ഹരജിക്കാരനുമായി അടുപ്പത്തിലാകുന്നതും ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും. വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു ലൈംഗികബന്ധമെന്നായിരുന്നു യുവതിയുടെ പരാതി.