മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് പരിഗണിക്കും
കോതമംഗലം: ഇന്നലെ അറസ്റ്റിലായ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് പരിഗണിക്കും.ഇരുവരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.പോരാട്ടം അവസാനിപ്പിക്കല്ലെന്നും വ്യക്തിപരാമായി വേട്ടായാടാനാണ് ശ്രമമെന്നും ഇതിനെ പ്രതിരോധിക്കുമെന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ നേതാക്കൾപറഞ്ഞു. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച മറ്റ് 13 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ച് തകർത്തു. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്തും വലിയ പ്രതിഷേധം ഉയർന്നു .പൊലീസും പ്രവർത്തകരും ഉന്തും തള്ളും ഉണ്ടായി. സംസ്ഥാന വ്യാപകമായി പ്രതിഷേധമുണ്ടാകുമെന്നും നേതാക്കളുടെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.സമരം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി അറിയിച്ചു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നേര്യമംഗലം കാഞ്ഞിരവേലിയിൽ കൊല്ലപ്പെട്ട ഇന്ദിര(70)യുടെ മൃതദേഹവുമായി കോതമംഗലത്ത് വൻ പ്രതിഷേധം നടന്നിരുന്നു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് വൻ പൊലീസ് സന്നാഹമെത്തി വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം തുടരുന്നതിനിടെ പൊലീസ് ലാത്തി വിശുകയായിരുന്നു. പിന്നീട് മൃതദേഹം അടക്കം സൂക്ഷിച്ചിരുന്ന സമരപന്തൽ പൊളിച്ച് നീക്കി. ഇതിന് പിന്നാലെയാണ് പോലീസ് ബലംപ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയത്.
ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോതമംഗലം ടൗണിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തുടര്‍ന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചത്.