യുവാക്കളെ ഒപ്പംകൂട്ടി കോവിഡ് ബ്രിഗേഡുമായി മാത്യു കുഴൽനാടൻ

കോവിഡിനെതിരായ യുദ്ധത്തിൽ പങ്കാളിയാകാൻ നിങ്ങൾ ഡോക്ടറോ, നേഴ്സൊ, ആരോഗ്യ പ്രവർത്തകനോ ആകണമെന്നില്ല. നിങ്ങളുടെ കയ്യിൽ പണം ഉണ്ടാകണമെന്നില്ല.. നിങ്ങൾ വിദ്യാർത്ഥിയോ, ജോലിക്കാരനോ, ബിസ്സിനസ്സ് ചെയ്യുന്ന ആളോ ഫ്രീക്കനോ ആരുമാകട്ടെ...

Update: 2021-05-08 16:43 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് പ്രതിരോധത്തിനായി യുവാക്കളെ കൂട്ടിയിണക്കി കോവിഡ് ബ്രിഗേഡുമായി മൂവാറ്റുപുഴയുടെ നിയുക്ത എംഎൽഎ മാത്യു കുഴൽനാടൻ. കോവിഡ് കൺട്രോൾ സെൽ മൂവാറ്റുപുഴ എന്ന പേരിലാണ് കോവിഡ് ബ്രിഗേഡ്. ലോകത്ത് എവിടെയുള്ളയാൾക്കും ബ്രിഗേഡിൽ ചേരാമെന്ന് മാത്യു കുഴൽനാടൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

നാളെയോടെ തന്നെ കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് ബ്രിഗേഡിൽ ചേരാനുള്ള ലിങ്കും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

കഴിഞ്ഞ 2 ആഴ്ചയായി തനിക്ക് ഏറ്റവും കൂടുതലായി വന്ന ഫോൺ വിളികൾ കോവിഡ് രോഗികൾക്ക് ഐസിയു, വെന്റിലേറ്റർ സൗകര്യം ഉള്ള ആശുപത്രിയിലെ അഡ്മിഷനു വേണ്ടിയുള്ളതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തിരഞ്ഞെടുപ്പ് പോരാട്ടം ജയിക്കാനായി. എന്നാൽ ജയം ആഘോഷിക്കുന്നതിന് മുമ്പ് തന്നെ കൂടുതൽ വെല്ലുവിളി ഉള്ള ഒരു പടക്കളത്തിലേക്ക് ഇറങ്ങുകയാണ്.

കഴിഞ്ഞ 2 ആഴ്ചയായി എനിക്ക് ഏറ്റവും കൂടുതലായി വന്ന ഫോൺ വിളികൾ കോവിഡ് രോഗികൾക്ക് ഐ സി യു , വെന്റിലേറ്റർ സൗകര്യം ഉള്ള ആശുപത്രിയിലെ അഡ്മിഷനു വേണ്ടിയുള്ളതായിരുന്നു. പിന്നെ കോവിഡ് രോഗികളുടെ മറ്റ് പലവിധ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയിച്ചു കൊണ്ടുള്ളതും.

നമ്മൾ ചിന്തിക്കുന്നതിലും അപ്പുറത്താണ് ജനങ്ങളുടെ ആശങ്കയും ഭയവും. ചുറ്റും രോഗികൾ, പലരും മരണത്തിനു കീഴ്പ്പെടുന്നു, ആശുപത്രി സൗകര്യങ്ങളോ ചികിത്സയോ കിട്ടാതെ ആളുകൾ വലയുന്നു. ഇതിനിടയിലാണ് ലോക്ക് ഡൗൺ മൂലം ഉള്ള വരുമാന മാർഗം കൂടി അടയുന്നത്. വലിയ വെല്ലുവിളിയാണ് സാധാരണക്കാരന് മുന്നിൽ കോവിഡ് ഉയർത്തുന്നത്.

എന്നാൽ ഭയന്ന് മാറിനിൽക്കാനോ നിസഹാരായി നോക്കിനിൽക്കാനോ നമ്മുക്കാവില്ല. എം എൽ എ എന്ന നിലയ്ക്കും ഒരു വ്യക്തി എന്ന നിലയ്ക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ പരിമിതി ഞാൻ നല്ല പോലെ തിരിച്ചറിയുന്നു. ഈ പോരാട്ടത്തിൽ നിങ്ങളുടെ സഹായം തേടാനാണ് ഞാൻ ഇതെഴുതുന്നത്.

എന്‍റെ പ്രതീക്ഷ യുവ സമൂഹത്തിലാണ്. പ്രളയ കാലത്തെ നേരിടാൻ എന്നെ അത്ഭുതപ്പെടുത്തി കൊണ്ടാണ് പെൺകുട്ടികൾ അടക്കമുള്ള യുവ സമൂഹം മുന്നോട്ട് വന്നത്. ആ പ്രതിബദ്ധതയിലും പോരാട്ട വീര്യത്തിലുമാണ് എന്‍റെ പ്രതീക്ഷ. കോവിഡിനെതിരായ യുദ്ധത്തിൽ പങ്കാളിയാകാൻ നിങ്ങൾ ഡോക്ടറോ, നേഴ്സൊ, ആരോഗ്യ പ്രവർത്തകനോ ആകണമെന്നില്ല. നിങ്ങളുടെ കയ്യിൽ പണം ഉണ്ടാകണമെന്നില്ല.. നിങ്ങൾ വിദ്യാർത്ഥിയോ, ജോലിക്കാരനോ, ബിസ്സിനസ്സ് ചെയ്യുന്ന ആളോ ഫ്രീക്കനോ ആരുമാകട്ടെ.നിങ്ങൾ മൂവാറ്റുപുഴയിലെ താമസക്കാരനാകണമെന്നില്ല. കൊച്ചിയിലോ, കോഴിക്കോട്ടോ, കേരളത്തിൽ എവിടെയോ ആയിക്കോട്ടെ. പോരാടാനുള്ള കരുത്തും സഹജീവികളോട് സഹാനുഭൂതി ഉള്ള മനസ്സും മാത്രം മതി ഈ യുദ്ധത്തിൽ പങ്കാളിയാകാൻ. ആ നിലയ്ക്കുള്ള ഒരു കോവിഡ് പോരാട്ട പ്ലാറ്റ്ഫോം ആണ് തയ്യാറാക്കിയിട്ടുള്ളത്.

5 മിനിറ്റെടുത്ത് ശ്രദ്ധയോടെ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്താൽ മതി. ബാക്കി നിർദ്ദേശങ്ങൾ നിങ്ങളെ തേടി വരും. ഇത്‌ ഒരു ആത്മാർഥ പരിശ്രമമാണ്.. എന്നാൽ കഴിയുന്ന നിലയിൽ ഞാൻ മുന്നിൽ നിന്ന് പോരാടും.. കൂടെ ഉണ്ടാകണം..

നാളിതുവരെ തന്ന എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി..

#കോവിഡ്കൺട്രോൾസെൽ - മൂവാറ്റുപുഴ.

തിരഞ്ഞെടുപ്പ് പോരാട്ടം ജയിക്കാനായി. എന്നാൽ ജയം ആഘോഷിക്കുന്നതിന് മുമ്പ് തന്നെ കൂടുതൽ...

Posted by Mathew Kuzhalnadan on Friday, 7 May 2021

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News