'സർക്കാരിനു കിട്ടേണ്ട പണം തട്ടിയ സി.എം.ആര്‍.എല്ലിനെതിരെ എന്തു നടപടിയെടുത്തു?'-കേന്ദ്ര അന്വേഷണത്തില്‍ മാത്യു കുഴൽനാടൻ

''മുഖ്യമന്ത്രിക്ക് വേണ്ടി മകൾ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാൻ ഒരു മടിയുമില്ല. പൊതുസമൂഹത്തിനു മുന്നിൽ സി.പി.എം സെക്രട്ടേറിയറ്റ് മറുപടി പറയട്ടെ.''

Update: 2024-01-13 05:43 GMT
Editor : Shaheer | By : Web Desk

വീണാ വിജയന്‍, മാത്യു കുഴല്‍നാടന്‍

Advertising

കോഴിക്കോട്: വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. വീണ തുടങ്ങിയ എക്സലോജിക് പ്രവർത്തനം ദുരൂഹമാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. സർക്കാരിനു കിട്ടേണ്ട പണം തട്ടിയെടുത്ത സി.എം.ആര്‍.എല്ലിനെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കണമെന്നും മാത്യു പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സി.പി.എം സെക്രട്ടേറിയറ്റാണ്. കേന്ദ്ര ഏജൻസി അന്വേഷണത്തിൽ അസ്വഭാവികതയുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം. നോട്ടിസ് കിട്ടിയ ശേഷം കെ.എസ്.ഐ.ഡി.സി നൽകിയ മറുപടി എന്താണെന്ന് മന്ത്രി പി രാജീവ് പറയണം. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രതികരണം എന്താണ്?-കുഴല്‍നാടന്‍ ചോദിച്ചു.

''സി.എം.ആർ.എല്ലിന്‍റെ കോടികളുടെ ലാഭം മറച്ചുവയ്ക്കപ്പെട്ടു. സി.എം.ആർ.എല്ലില്‍ സംസ്ഥാന സർക്കാരിന് 14 ശതമാനം ഒാഹരിയുണ്ട്. ഈ വകയില്‍ സർക്കാരിന് കിട്ടേണ്ട പണം തട്ടിയെടുത്ത കമ്പനിക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നതില്‍ വ്യവസായ മന്ത്രി മറുപടി പറയണം. കോടികളുടെ തട്ടിപ്പിന് സർക്കാരും വ്യവസായ വകുപ്പും കൂട്ടുനിന്നുവെന്ന് അനുമാനിക്കേണ്ടി വരും.''

അന്വേഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ചതിൽ അമിതാവേശമില്ല. മുഖ്യമന്ത്രിക്കെതിരെ വിവിധ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികള്‍ എടുത്ത സമീപനം കണ്ടതല്ലേ. നിരവധി കമ്പനികളിൽനിന്ന് എക്സലോജിക് കോടാനുകോടി രൂപ സേവനം നൽകാതെ കൈപ്പറ്റി. ചെയ്യാത്ത സേവനത്തിനാണു പണം നൽകിയതെന്ന കണ്ടെത്തൽ ആരും ചോദ്യംചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി മകൾ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാൻ ഒരു മടിയുമില്ല. പൊതുസമൂഹത്തിനു മുന്നിൽ സി.പി.എം സെക്രട്ടേറിയറ്റ് മറുപടി പറയട്ടെ. തനിക്കെതിരായ വിജിലൻസ് നടപടി ഉൾപ്പെടെ കഴിയാവുന്ന ആവുന്നതെല്ലാം ചെയ്യട്ടെയെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

Summary: 'What action was taken against CMRL for embezzling money owed to the government?'-Mathew Kuzhalnadan in central inquiry against Veena Vijayan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News