മൂവാറ്റുപുഴയിൽ വീട് ജപ്തി ചെയ്ത സംഭവം; കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴൽനാടൻ എംഎൽഎ ഏറ്റെടുത്തു

പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി

Update: 2022-04-03 06:35 GMT
Editor : Dibin Gopan | By : Web Desk
Advertising

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കടബാധ്യത മൂലം വീട് ജപ്തി ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴൽനാടൻ എംഎൽഎ ഏറ്റെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എൽ.എയും നാട്ടുകാരും ചേർന്ന് അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാൻ സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത നാല് മക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എം.എൽ.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News