എസ്.എം.എ ബാധിതനായ മാട്ടൂല്‍ മുഹമ്മദിന് ആസ്റ്റര്‍ മിംസില്‍ ചികിത്സ ആരംഭിച്ചു
18 കോടി രൂപ വിലമതിക്കുന്ന സോള്‍ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി മരുന്നാണ് ഒന്നരവയസ്സുകാരന്‍ മുഹമ്മദിന് കുത്തിവെച്ചത്
പതിനെട്ട് കോടിയുടെ മരുന്നിനാവശ്യമായ ധനസമാഹരണത്തിനായി ഒരു നാട് മുഴുവന്‍ ഒരുമിച്ച് നിന്നതിലൂടെ ശ്രദ്ധേയനായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദിനുള്ള ചികിത്സ ആരംഭിച്ചു. 18 കോടി രൂപ വിലമതിക്കുന്ന സോള്‍ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി മരുന്നാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിന് കുത്തിവെച്ചത്.
കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിന്‍റെ മേല്‍നോട്ടത്തിലാണ് മുഹമ്മദിന്‍റെ ചികിത്സ പുരോഗമിക്കുന്നത്. കുറച്ച് ദിവസങ്ങളുടെ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിടുതലും, ചികിത്സാ പുരോഗതിയും മറ്റ് കാര്യങ്ങളും വിലയിത്താന്‍ സാധിക്കുമെന്ന് ആസ്റ്റര്‍ മിംസ് മാനേജ്‌മെന്‍റ് അറിയിച്ചു.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്‍റെ ചികിത്സക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നെത്തിക്കാന്‍ ആവശ്യമായ 18 കോടി രൂപക്കായി ചികിത്സാകമ്മിറ്റി സഹായം തേടിയിരുന്നു. ആറ് ദിവസം കൊണ്ട് 46.78 കോടി രൂപയാണ് ചികിത്സക്കായി ലഭിച്ചത്. 7,70,000 പേരാണ് ഇത്രയും വലിയ തുക സംഭാവന ചെയ്തതെന്ന് ചികിത്സാ കമ്മിറ്റി അറിയിച്ചു.
മുഹമ്മദിന്‍റെ ചികിത്സക്ക് സംഭാവനയായി ലഭിച്ച തുകയുടെ ബാക്കിയില്‍നിന്ന് 8.5 കോടി രൂപ വീതം കണ്ണൂര്‍ ചപ്പാരപ്പടവിലെ ഖാസിമിനും ലക്ഷദ്വീപിലെ ഇശല്‍ മറിയത്തിനും നല്‍കുമെന്ന് മാട്ടൂലിലെ കമ്മിറ്റി നേരത്തേ പ്രഖ്യാപിച്ചിരുന്നു.