മേയർ- ഡ്രൈവർ തർക്കം; എം.എൽ.എക്കും മേയറിനുമെതിരെ കേസെടുത്ത് പൊലീസ്
മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എം.എൽ.എ, കണ്ടാലാറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കത്തിൽ എം.എൽ.എ സച്ചിൻദേവിനെതിരെയും മേയർക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. മേയർ, എം.എൽ.എ, കണ്ടാലാറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്.
കാർ കുറുകെ ഇട്ടതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കോടതി കേസെടുത്തത്.
കൃത്യനിർവഹണം തടസപ്പെടുത്തിയെന്നതടക്കം ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കോടതിയിൽ ഹരജി നൽകിയിരുന്നു. കോടതിയുടെ മേൽനോട്ടത്തിലോ കോടതി നിർദേശത്തിലോ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ഹരജി ഫയൽ ചെയ്തത്. പരിശോധിച്ച് നടപടിയെടുക്കാൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. ഹരജി മെയ് ആറിന് വീണ്ടും പരിഗണിക്കും.