മലപ്പുറത്ത് അഞ്ചാംപനി വ്യാപിക്കുന്നു; പരിശോധനയ്ക്കായി കേന്ദ്രസംഘമെത്തി
160ഓളം പേർക്കാണ് ജില്ലയിൽ ഇതുവരെ അഞ്ചാംപനി സ്ഥിരീകരിച്ചത്
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനക്കായി കേന്ദ്രസംഘമെത്തി. ജില്ലയിൽ കൂടുതൽ രോഗബാധയുള്ള പ്രദേശങ്ങൾ സംഘം സന്ദർശിക്കും. 160ഓളം പേർക്കാണ് ജില്ലയിൽ ഇതുവരെ അഞ്ചാംപനി സ്ഥിരീകരിച്ചത്.
ഡൽഹിയിലെ ദേശീയ രോഗനിയന്ത്രണ കേന്ദ്രം ജോയിന്റ് ഡയറക്ടർ ഡോ. സൗരഭ് ഗോൽ, ഡൽഹിയിലെ ലേഡി ഹാർഡിൻ മെഡിക്കൽ കോളജ് മൈക്രോ ബയോജളിസ്റ്റ് ഡോ. വി.എസ് രാധവ, പോണ്ടിച്ചേരിയിൽനിന്ന് ഡോ. ഡി. ഗുണശേഖരൻ എന്നിവരങ്ങുന്ന മൂന്നംഗ സംഘമാണ് മലപ്പുറത്ത് പരിശോധനക്കെത്തിയത്. രാവിലെ 11:30ഓടെ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസിലെത്തിയ കേന്ദ്രസംഘം ഡി.എം.ഒ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി.
ചെന്നൈയിൽനിന്നുള്ള ലോകാരോഗ്യ സംഘടന സംഘവും യോഗത്തിൽ പങ്കെടുത്തു. രോഗബാധ കൂടുതൽ സ്ഥിരീകരിച്ച കൽപകഞ്ചേരിയിൽ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ച ഡബ്ല്യു.എച്ച്.ഒ സംഘമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ഇതുവരെ 160ഓളം പേർക്കാണ് മലപ്പുറം ജില്ലയിൽ അഞ്ചാംപനി സ്ഥിരീകരിച്ചത്. മലപ്പുറം നഗരസഭ, കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതലുള്ളത്. നിലവിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്. കുത്തിവയ്പ്പിനോട് ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Summary: A central team has arrived for inspection in the spread of measles in the Malappuram district