നീതി പുലർന്നു; മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കി സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

Update: 2023-04-05 08:36 GMT
Advertising

ഡല്‍ഹി: മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.  ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്‍റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.

മുദ്രവച്ച കവറിൽ കോടതിയോട് മാത്രം വിവരങ്ങൾ പറയുകയും വിലക്കിന്റെ കാരണം മീഡിയവണിൽനിന്ന് മറച്ചുവക്കുകയും ചെയ്യുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. മുദ്രവച്ച കവർ നീതിപൂർവമായ നിയമ വ്യവഹാരത്തിന് വിഘാതം സൃഷ്ടിച്ച് പരാതിക്കാരെ ഇരുട്ടിൽ നിർത്തുന്നുണ്ടെന്നും വിധിന്യായത്തിൽ പറയുന്നു. 

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് മീഡിയവൺ നൽകിയ ഹരജിയിൽ വിധി പറഞ്ഞത്. മീഡിയവൺ ജീവനക്കാർക്ക് വേണ്ടി കെ.യു.ഡബ്ല്യു.ജെയും എഡിറ്റർ പ്രമോദ് രാമനും കേസിൽ കക്ഷി ചേർന്നിരുന്നു. 2022 നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായ കേസില്‍ ഇന്നാണ് ചരിത്ര വിധിയുണ്ടായത്.


Full View



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News