കൂടിക്കാഴ്ച ആർഎസ്എസ് - സിപിഎം ഡീലിന്റെ ഭാഗം, അജിത് കുമാർ മുഖ്യമന്ത്രിക്ക് ദൂതുമായി പോയത്; വി.ഡി സതീശൻ
കേസുകളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി ഇതിനു മുമ്പും നിരവധി ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ടെന്നും സതീശൻ
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച ആർഎസ്എസ് - സിപിഎം ഡീലിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അജിത് കുമാർ മുഖ്യമന്ത്രിക്ക് ദൂതുമായി പോയതാണ് എന്നതിൽ സംശയമില്ലെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്നും സതീശൻ ആരോപിച്ചു.
കൂടികാഴ്ച നടത്തിയെന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ലഭിച്ചതാണ്. അത് പല വഴിക്ക് പരിശോധിച്ച് തെളിവുകൾ ശേഖരിച്ച് ശരിയാണെന്ന് നൂറു ശതമാനം ഉറപ്പുവരുത്തിയതിനു ശേഷമാണ് വെളിപ്പെടുത്തിയത്. സംഭവം അറിയില്ലെന്ന സിപിഎം നിലപാട് വീണിടത്തു നിന്ന് ഉരുണ്ടുകളിക്കുന്നതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഉദ്യേഗസ്ഥന് ആർഎസ്എസ് നേതാവിനെ കണേണ്ട ആവശ്യമെന്താണ്?. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി ഇതിനു മുമ്പും പല ഉദ്യോഗസ്ഥരേയും ഉപയോഗിച്ചിട്ടുണ്ട്. സതീശൻ പറഞ്ഞു.
കൂടികാഴ്ച നടത്തിയ ഉദ്യോഗസ്ഥൻ സംഭവ സമയം ഡ്യൂട്ടിയിലായിരുന്നോ? എന്ത് ആവശ്യത്തിനാണ് പോയത്? തുടങ്ങിയ ചോദ്യങ്ങളൊന്നും മുഖ്യമന്ത്രി ചോദിക്കാത്തത് എന്താണെന്നും സതീശൻ ചോദിച്ച പരസ്പരം സഹായിക്കാനുള്ള പൊളിറ്റിക്കൽ മിഷന്റെ ഭാഗമായാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെന്നും ആരോപിച്ചു. ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിൽ നടന്നതെന്നും സതീശൻ പറഞ്ഞു.
ആർഎസ്എസ് ബന്ധം, പൂരംകലക്കൽ തുടങ്ങിയവയുമായി ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് മറുപടിപറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. സിപിഎമ്മും ബിജെപിയും വോട്ടർമാരോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.