മിൽമ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു; സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങൾ ഇന്ന് തീരുമാനിക്കും

മേഖലാ ചെയർപേഴ്സനുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്

Update: 2024-05-15 00:43 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മിൽമയിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മിൽമ തിരുവനന്തപുരം മേഖലാ ചെയർപേഴ്സനുമായി നടത്തിയ ചർച്ചയിലാണു സമരം ഒത്തുതീർപ്പായത്. സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങൾ ഇന്ന് ഡയറക്ടർ ബോർഡ് ചേർന്ന് തീരുമാനിക്കും.

ഉയർന്ന തസ്തികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു തൊഴിലാളികളുടെ സമരം. തിരുവനന്തപുരം അമ്പലത്തറയിലും, കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും സമരം നടന്നു. തുടർന്നാണ് മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറായത്. മിൽമ തിരുവനന്തപുരം മേഖലാ ചെയർപേഴ്സൺ മാണി മണി വിശ്വനാഥിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ച. ജീവനക്കാർക്ക് വേണ്ടി ഐഎൻടിയു സിഐടിയു നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ സമരം ഒത്തുതീർപ്പായി.

അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകും എന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഈ മാസം 30നകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. സമരത്തിനെതിരെ നൽകിയ പരാതി പിൻവലിക്കുമെന്നും മിൽമ മാനേജ്മെൻറ് ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡയറക്ടർ ബോർഡ് ചേർന്ന് തീരുമാനിക്കും. സമരം അവസാനിച്ചതോടെ ഇന്ന് 12 മണിമുതൽ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News