'സെമിനാർ പരാജയപ്പെടാൻ ചില കോൺഗ്രസ് നേതാക്കൾ കുപ്രചരണം നടത്തി; അവർ ആർ.എസ്.എസിന്റെ സ്ലീപ്പിങ് ഏജന്റുമാർ'- മന്ത്രി റിയാസ്
എല്ലാ വിഭാഗം ആളുകളും ഈ രാഷ്ട്രീയ മുദൃാവാക്യത്തോട് ഐക്യപ്പെട്ടു എന്നുളളതാണ് സെമിനാറിന്റെ അഭൂതപൂർവ്വമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത് മന്ത്രി പറഞ്ഞു.
കോഴിക്കോട്: സിപിഎം സംഘടിപ്പിച്ച ഏക സിവിൽ കോഡ് സെമിനാറിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന ആരോപണം സെമിനാറിൻ്റെ ശോഭകെടുത്താൻ വേണ്ടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കരളത്തിലെ കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസിന്റെ സ്ലീപ്പിംഗ് ഏജന്റുമാരായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നേതാക്കളെ സെമിനാറിൽ പങ്കെടുപ്പിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
'പ്രധാന മന്ത്രി ഭോപാലിൽ വെച്ച് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ സൂചന നൽകിയ ഉടനെ തന്നെ ഇടതു പക്ഷ പ്രസ്ഥാനം ആലോചിച്ച് ഇത്തരത്തിലുളള സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് മാത്രമല്ല വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് എൽ.ഡി.എഫ് പറഞ്ഞിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളും ഈ രാഷ്ട്രീയ മുദൃാവാക്യത്തോട് ഐക്യപ്പെട്ടു എന്നുളളതാണ് സെമിനാറിന്റെ അഭൂതപൂർവ്വമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്' - മന്ത്രി പറഞ്ഞു.
'ഇത്രപ്പെട്ടെന്ന് ചാടി വീഴണോ എന്ന് ചോദിച്ചവർ പോലും എല്ലാ ഘട്ടങ്ങളിലും ഇത്തരം വിഷയങ്ങളിൽ ചാടി വീണിട്ടുളളത് ഇടതുപക്ഷമാണ് എന്നുളള യാഥാർത്ഥ്യം പലപ്പോഴും മറച്ചു വെയ്ക്കാൻ ശ്രമിച്ചു. പൗരത്വനിയമം നടപ്പിലാക്കാൻ ശ്രമം വന്നപ്പോഴും എല്ലാവരെയും യോജിപ്പിച്ചു കൊണ്ട് മുന്നോട്ടു പോയത് സി.പി.എമ്മും ഇടതു പക്ഷവുമാണ് ആണ്. നിയമ സഭയിൽ അതിനെതിരെ പ്രമോയം അവതരിപ്പിച്ച സംസ്ഥാനം ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളമാണ്' റിയാസ് പറഞ്ഞു.
'ബി.ജെ.പിക്ക് കളമൊരുക്കാനാണ് ഇവരുടെ ശ്രമം. മുസ്ലിം വനിതാ സംഘടനകൾക്ക് അവസരം ലഭിച്ചില്ലെന്ന ആരോപണം സെമിനാറിന്റെ ശോഭ കെടുത്താൻ. പ്രചരണത്തിന് പിന്നിൽ ആർ.എസ്.എസ് അനുകൂലികൾ'- റിയാസ് പറഞ്ഞു.