'അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കുന്നത് ദൗർഭാഗ്യകരം'; സാധ്യതകൾ ഉപയോഗിച്ചില്ലെന്ന് മന്ത്രി റിയാസ്

ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

Update: 2024-07-28 11:23 GMT
Advertising

അങ്കോല: അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കുന്നത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കർണാടക സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണം. ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കിയില്ല. തിരച്ചിലിനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.  

'ഇന്നലെവരെ മീറ്റിങ്ങിലിരുന്നപ്പോൾ പറയാത്ത കാര്യങ്ങളാണ് കാർവാർ എം.എൽ.എ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ദൗർഭാഗ്യകരമായ നിലപാടാണിത്. ഇന്ന് കാലാവസ്ഥ കൂറേക്കൂടി അനുകൂലമായിട്ടും നേരത്തേ തന്നെ തിരച്ചിൽ നിർത്തുകയാണ്. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച പ്രധാന മൂന്ന് തീരുമാനങ്ങൾ നടപ്പാക്കിയില്ല. പാൻടൂൺ കൊണ്ടുവന്ന് തിരച്ചിൽ നടത്താൻ തീരുമാനിച്ചു. എന്നാൽ അത് ചെയ്യാൻ തയ്യാറായില്ല. തഗ് ബോട്ട് കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് കൊണ്ടുവന്നിട്ടില്ല. എന്താണ് തടസം? ഡ്രെഡ്ജിങ് നടത്താൻ ഒരു പാലമാണ് തടസമെന്ന് പറഞ്ഞിട്ട് അതും പരിഹരിച്ചിട്ടില്ല'- മന്ത്രി പറഞ്ഞു.  

കർണാടക സർക്കാർ സാധ്യതകൾ പ്രയോജനപ്പെടുത്തിയില്ല. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.   

മാൽപേ സംഘത്തിന്റെ രക്ഷാദൗത്യം അവസാനിപ്പിച്ചതിൽ പ്രതിഷേധമറിയിച്ച് എം. വിജിൻ എം.എൽ.എയും രംഗത്തെത്തി. ഒരു കൂടിയാലോചനയുമില്ലാതെയാണ് ജില്ലാ കലക്ടറും കാർവാർ എം.എൽ.എയും തീരുമാനമെടുത്തതെന്നും രക്ഷാപ്രവർത്തനം പൂർണമായും നിർത്തുന്നതിന്റെ ആദ്യപടിയായാണ് ഇത്തരമൊരു തീരുമാനമെന്നും എം.എൽ.എ പറഞ്ഞു.  

 Full View

 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News