'മലയാളിയുടെ മനസ് വയനാടിനൊപ്പം; രക്ഷാപ്രവർത്തനം മികച്ച രീതിയിൽ': മന്ത്രി മുഹമ്മദ് റിയാസ്
അനാവശ്യമായി സ്ഥലം കാണാന്‍ ആരും ദുരന്ത മേഖലയിലേക്ക് എത്തേണ്ടതില്ലെന്ന് മന്ത്രി
മേപ്പാടി: സാധ്യമായ എല്ലാനിലയിലും എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുണ്ടക്കൈ ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ ദിവസവും രാവിലെയും രാത്രിയുമായി കാര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ട്. സോണുകളായി തിരിച്ച് കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമിച്ചത്. അവിടങ്ങളിൽ കൂടുതൽ തിരച്ചിൽ നടത്തി കൂടുതൽ പേരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വളരെ ഫലപ്രദമായ രീതിയിലുള്ള പരിശോധനയായിരുന്നു അതെന്നും മന്ത്രി പറഞ്ഞു. രക്ഷാദൗത്യം പ്രത്യേക ഘട്ടത്തിലാണെന്നും അത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ ആദ്യ രണ്ട് ദിനങ്ങൾ വളരെ പ്രധാനപ്പെട്ടതായിരുന്നു. ആദ്യ ദിനം വെളിച്ചം, കാലാവസ്ഥ, പാലം ഇല്ലായ്മ എന്നിവ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതിനെ മറികടന്നുകൊണ്ട് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
മൃതദേഹങ്ങളെ തിരിച്ചറിയാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡിസാസ്റ്റർ ടൂറിസം പ്രോത്സാഹിപ്പിക്കാതിരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. അനാവശ്യമായി സ്ഥലം കാണാന്‍ ആരും ഇവിടേക്ക് എത്തേണ്ടതില്ല. നിങ്ങളെ ഇവിടെ ആവശ്യമാണെങ്കിൽ മാത്രമേ ഇവിടേക്ക് വരാൻ പാടുള്ളു. ഡാർക്ക് ടൂറിസം വേണ്ട അത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കണം. അവർക്കത് വീടിന് സമാനമാണ്. അതിജീവനത്തിനായി എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയില്ലെങ്കിലും ദൂരെയാണെങ്കിലും മലയാളികളുടെ മനസ് വയനാടിനൊപ്പമാണെന്നും ഏവരെയും ചേർത്ത് പിടിക്കുന്നതാണ് നമ്മുടെ കരുത്തെന്നും മന്ത്രി വ്യക്തമാക്കി.
പുനരധിവാസം വളരെ നിർണായക വിഷയമാണ്.എന്നാൽ അതിൽ ദുരിതബാധിതരുടെ അഭിപ്രായവും കേൾക്കണം. പുനരധിവാസത്തിനായി എല്ലാ ഇടപെടലും നടത്തും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തിൽ രാഷ്ട്രീയമില്ല. എല്ലാവരേയും കേട്ട് ഒത്തൊരുമിച്ച് മുന്നോട്ടു പോവുകയാണ്. ഈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.