'എൻ.ഐ.ടി പ്രൊഫസറുടെ ഗോഡ്സെ അനുകൂല കമന്റ് നന്ദികേട്'; തെറ്റായ സന്ദേശം നൽകുമെന്ന് മന്ത്രി ആർ.ബിന്ദു
വിദ്യാർഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകരെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: ഗോഡ്സെയെ മഹത്വവത്കരിച്ച കോഴിക്കോട് എൻ.ഐ.ടി അധ്യാപികയുടെ അഭിപ്രായം നന്ദികേടാണെന്ന് മന്ത്രി ആർ.ബിന്ദു. വിദ്യാർഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അധ്യാപികയുടെ പ്രതികരണം തെറ്റായ സന്ദേശം നൽകുമെന്നും ആർ.ബിന്ദു പറഞ്ഞു.
ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റിട്ട എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെയാണ് കഴിഞ്ഞദിവസം കേസെടുത്തത്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് പ്രൊഫസർ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.