മുതലപ്പൊഴി ബോട്ട് അപകടം: മരിച്ചവരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധസംഘം മുതലപ്പൊഴിയില്‍ സന്ദര്‍ശനം നടത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും. വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വീട് വെച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിഷയം അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അതേസമയം, വി.മുരളീധരന്റെ നേതൃത്വത്തില്‍ മൂന്നംഗ കേന്ദ്രസംഘം മുതലപ്പൊഴിയില്‍ സന്ദര്‍ശനം നടത്തി.
സജിചെറിയാന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ ആന്റണി രാജു, വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ തുടങ്ങിയവര്‍ മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ യോഗം ചേര്‍ന്നു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സംരക്ഷിക്കുന്നതും മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ചയായി. മന്ത്രിതല സമിതി എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സജി ചെറിയാന്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച നാല് പേരുടെയും കുടുംബത്തിന്റെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥിരവരുമാനം ഉറപ്പാക്കുന്നതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനമായി.
അതിനിടെ ഫിഷറീസ് ഡെവലപ്മെൻറ് കമ്മീഷണർ ആന്റണി സേവ്യർ, ഫിഷറീസ് അസിസ്റ്റൻറ് കമ്മീഷണർ ജി രാമകൃഷ്ണ റാവു, സി.ഐ.സി.ഇ.എഫ് ഡയറക്ടർ എൻ. വെങ്കിടേഷ് പ്രസാദ് എന്നിവര്‍ വി.മുരളീധരനൊപ്പം മുതലപ്പൊഴിയിൽ സന്ദര്‍ശനം നടത്തി. അപകടസ്ഥലം സന്ദർശിച്ച സംഘം മത്സ്യത്തൊഴിലാളികളുമായും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായും ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഒരോന്നായി പ്രദേശവാസികളും വൈദികരും വിദഗ്ദ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. ശ്വാശത പരിഹാരമാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിൽ പ്രതീക്ഷയുണ്ടെന്ന് മത്സ്യത്തൊഴിലാളികളും പ്രതികരിച്ചു.